മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹൃസ്വ ചലച്ചിത്ര മേളയിൽ മികച്ച ചിത്രമുൾപ്പെടെ നാല് അവാർഡുകൾ രഞ്ജു റാൻഷ് സംവിധാനം ചെയ്ത റിപ്ലിക്ക എന്ന ചിത്രം കരസ്ഥമാക്കി. പ്രശസ്ത സംവിധായകൻ ജി.എസ്. വിജയൻ, സംവിധായകനും ഛായാഗ്രാഹകനുമായ വിപിൻ മോഹൻ, കലാസംവിധായകനും കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗവുമായ റോയി പി. തോമസ് എന്നിവർ വിധികർത്താക്കളായ മേളയിൽ പ്രവാസി കലാകാരന്മാർ സംവിധാനം നിർവഹിച്ച 22 ചിത്രങ്ങളാണ് മാറ്റുരച്ചത്.
മികച്ച ചിത്രം (റിപ്ലിക്ക), സംവിധായകൻ: രഞ്ജു റാൻഷ് (റിപ്ലിക്ക), തിരക്കഥ: കൃഷ്ണകുമാർ പയ്യന്നൂർ (ശ്രീധരൻ സാറിന് ആദരാഞ്ജലികൾ), ഛായാഗ്രഹണം സി.ബി. ഉണ്ണികൃഷ്ണൻ (ഓർമ), ചിത്രസംയോജനം: ഹാരീസ് ഇക്കാച്ചു (റിപ്ലിക്ക), നടൻ രഞ്ജു റാൻഷ് (റിപ്ലിക്ക), നടി സ്റ്റീവ മെർലിൻ ഐസക്ക് (ഓർമ) എന്നിവർ അവാർഡുകൾ കരസ്ഥമാക്കി.
തത്സമയ തിരഞ്ഞെടുപ്പിലൂടെ സൗരവ് രാകേഷ് സംവിധാനം ചെയ്ത ആലിസ് എന്ന ചിത്രത്തിന് ഓഡിയൻസ് ചോയ്സ് അവാർഡും ലഭിച്ചു. കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന പുരസ്കാര നിശയിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള വിജയികളെ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകൻ സിബി മലയിൽ സമ്മാനദാനം നിർവഹിച്ചു. എപ്സൺ ഐ പോയന്റ് സ്പോൺസർ ചെയ്ത 1500 ഡോളർ വിലവരുന്ന സമ്മാനങ്ങളും വിജയികൾക്കായി നൽകി.
മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ബി.കെ.എസ് ഫിലിം ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സിബി മലയിന് നൽകി. ടോപ്പ് സിങ്ങർ ഫെയിം മാസ്റ്റർ അർജുൻദേവിന്റെ ഗാനത്തോടെ ആരംഭിച്ച ഔദ്യോഗിക പരിപാടിയിൽ സിബി മലയിൽ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച നൃത്തവും മികവുറ്റതായി. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും മെംബർഷിപ് സെക്രട്ടറി ദിലീഷ് കുമാർ നന്ദിയും പറഞ്ഞു. ഫിലിം ക്ലബ് കൺവീനർ അരുൺ ആർ. പിള്ള, ഫെസ്റ്റിവൽ കോഓഡിനേറ്റർ അജയ് പി. നായർ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ബിജു എം. സതീഷ്, വിജിന സന്തോഷ് എന്നിവർ അവതാരകരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.