മനാമ: ഇറാഖിൽ കുടുങ്ങിയ ബഹ്റൈനിൽ നിന്നുള്ള യാത്രികരിൽ 41 പേർ കരമാർഗം ഇന്ന് ബഹ്റൈനിലേക്ക് യാത്ര തിരിക്കുമെന്ന് ഇറാഖിലെ ബഹ്റൈൻ അംബാസഡർ ഖാലിദ് അൽ മൻസൂർ അറിയിച്ചു. ഇറാഖിൽ വെച്ച് പാസ്പോർട്ട് തടഞ്ഞുവെക്കപ്പെട്ടവരിൽ ആദ്യ സംഘമാണ് യാത്ര തിരിക്കുന്നത്.
ബാക്കിയുള്ളവർ ഉടനെ വ്യോമമാർഗവും എത്തിച്ചേരും. അനധികൃത ഗ്രൂപ്പിനോടൊപ്പം യാത്ര ചെയ്തതിന്റെ പേരിലാണ് ബഹ്റൈനിൽ നിന്നുള്ള സംഘം തടഞ്ഞുവെക്കപ്പെട്ടത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെയാണ് ഇവരുടെ തിരിച്ചുവരവിന് കളമൊരുങ്ങിയിട്ടുള്ളത്. യാത്രക്കാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് മുൻകൈയെടുത്ത വിദേശകാര്യ മന്ത്രാലയത്തിനും ഇറാഖ് അംബാസഡർക്കും യാത്രക്കാരും അവരുടെ ബന്ധുക്കളും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
മനാമ: ഇറാഖിലേക്ക് യാത്ര സംഘടിപ്പിക്കുകയും അവിടത്തെ ഹോട്ടൽ ചാർജ് അടക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്ത ട്രാവൽ ഏജൻസിയായ ബൂഗനൂം അടച്ചു പൂട്ടാൻ ബഹ്റൈൻ ടൂറിസം ആന്‍ഡ് എക്സിബിഷൻ അതോറിറ്റി ഉത്തരവിറക്കി. സ്ഥാപനയുടമക്കെതിരെ നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഈ സ്ഥാപനത്തിന് കീഴിൽ പോയ യാത്രക്കാരാണ് കഴിഞ്ഞ ദിവസം ഇറാഖിൽ തടയപ്പെട്ടത്. രാജ്യത്തിന്റെ നിയമങ്ങളനുസരിച്ച് മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂവെന്നും ഇതുറപ്പുവരുത്താൻ ബന്ധപ്പെട്ട അതോറിറ്റികൾ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.