മനാമ: ആഗോള തലത്തിലുള്ള പ്രതിസന്ധികൾക്കിടയിലും ബഹ്റൈനിലെ എണ്ണ ഇതര മേഖല വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. ഐ.സി.എ.ഇ.ഡബ്ല്യു പുറത്തിറക്കുകയും ഓക്സ്ഫഡ് ഇക്കണോമിക്സ് സമാഹരിച്ചതുമായ മിഡിലീസ്റ്റിനായുള്ള പുതിയ സാമ്പത്തിക റിപ്പോർട്ടിലാണ് ഈ നിരീക്ഷണം.
ബഹ്റൈനിൽ പണപ്പെരുപ്പം കുറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബഹ്റൈനിൽ 0.7 ശതമാനവും ഒമാനിൽ 1.2 ശതമാനവുമാണ് പണപ്പെരുപ്പം. പക്ഷേ, 2022ൽ കൈവരിച്ച ഉയർന്ന സാമ്പത്തിക വളർച്ചക്കുശേഷം എണ്ണ ഇതര മേഖലയുടെ വളർച്ച മന്ദഗതിയിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സാമ്പത്തിക രംഗത്ത് കാര്യമായ പരിഷ്കാരങ്ങൾ വരുത്തിയില്ലെങ്കിൽ 2025-30 കാലയളവിൽ ദേശീയ ജി.ഡി.പി വളർച്ച പ്രതിവർഷം ശരാശരി ഒരു ശതമാനം മാത്രമായി കുറയുമെന്നാണ് റിപ്പോർട്ട് പ്രവചിക്കുന്നത്. ഈ വർഷം രണ്ടാം പാദത്തിൽ ബഹ്റൈന്റെ ജി.ഡി.പി വളർച്ച 2.2 ശതമാനമായി കുറയും. ആഗോള മാന്ദ്യം, കുറഞ്ഞ എണ്ണവില തുടങ്ങിയവയാണ് ഇതിന് കാരണമാകുന്നത്. 2022ൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 4.9 ശതമാനം വളർച്ച കൈവരിച്ചിരുന്നു.
ഒമ്പതു വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ വളർച്ചയായിരുന്നു ഇത്. വാറ്റ് നിരക്ക് 10 ശതമാനമായി ഉയർത്തിയതാണ് ഈ വളർച്ചക്ക് പ്രധാനമായും കാരണമായത്. വാറ്റ് വർധനയുടെ ഗുണഫലം ഒഴിവാക്കിയാൽ സമ്പദ്വ്യവസ്ഥ 3.3 ശതമാനം വികാസം കൈവരിച്ചു.
എണ്ണ ഇതര മേഖലയിലെ വളർച്ചയാണ് ഇതിലേക്ക് നയിച്ചത്. രാജ്യത്തെ എണ്ണ ഉൽപാദനത്തിൽ 7.8 ശതമാനം വർധന കൈവരിച്ചിട്ടും ആഗോള എണ്ണ വിലയിൽ കുത്തനെ വർധനയുണ്ടായിട്ടും എണ്ണ മേഖലയിൽനിന്നുള്ള വരുമാനം പ്രതിവർഷം 1.4 ശതമാനം എന്ന തോതിൽ കുറയുകയാണ്.
വിമാനത്താവള വികസനത്തിലും ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിലും രാജ്യം പ്രത്യേക ഊന്നൽ നൽകിയിരിക്കുന്നത് ഫലപ്രദമാകുമെന്നും റിപ്പോർട്ട് പറയുന്നു.
സൗദി അറേബ്യയുമായുള്ള സാമീപ്യവും സൗദി വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കും രാജ്യത്തിന് വലിയ ഗുണം ചെയ്യുന്നുണ്ട്. എന്നാൽ പ്രാദേശിക ടൂറിസം, വിനോദ വ്യവസായങ്ങൾ വികസിപ്പിക്കാനുമുള്ള സൗദി അറേബ്യയുടെ നീക്കം ബഹ്റൈനെ ഒരുപക്ഷേ ബാധിച്ചേക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.