മനാമ: റമദാൻ അവസാന പത്ത് ഉപയോഗപ്പെടുത്താൻ വിശ്വാസികൾ മുന്നോട്ടു വരണമെന്ന് ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ വ്യക്തമാക്കി.
ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ പ്രദേശങ്ങളിലെ 30 പള്ളികൾ പുനരുദ്ധാരണം നടത്തി ജനങ്ങൾക്ക് ആരാധനക്കായി ഉപയോഗപ്പെടുത്താൻ നിർദേശം നൽകിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഇസ്രായേൽ സൈന്യം മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ചു കയറുകയും ആരാധന നിർവഹിച്ചുകൊണ്ടിരുന്നവർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്ത സംഭവത്തെ യോഗം ശക്തമായി അപലപിച്ചു.
വിശുദ്ധ മാസമായ റമദാനിൽ മതപരമായ സ്ഥലങ്ങളുടെ പവിത്രത ലംഘിക്കുകയും നിരപരാധികൾക്കുനേരെ അക്രമം നടത്തുകയും ചെയ്യുന്നത് ഒരുനിലക്കും ന്യായീകരിക്കാൻ കഴിയാത്തതാണ്.
മതശാസനകൾക്കും അന്താരാഷ്ട മര്യാദകൾക്കും വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾക്ക് അറുതിയുണ്ടാവേണ്ടതുണ്ടെന്നും വിലയിരുത്തി. ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന 27ാമത് ബഹ്റൈൻ ഗ്രാൻറ് ഖുർആൻ മത്സരത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തി. ഏപ്രിൽ 17 തറാവീഹ് നമസ്കാരത്തിനുശേഷം അഹ്മദ് അൽ ഫാതിഹ് ഗ്രാൻറ് മോസ്കിലാണ് ഫൈനൽ റൗണ്ട് മത്സരവും സമ്മാന വിതരണവും നടക്കുക. വിവിധ പ്രായത്തിലുള്ളവരെ ഖുർആൻ പഠിക്കുന്നതിന് പ്രേരണ നൽകാൻ മത്സരം കാരണമാകുമെന്നും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.