മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ബി.കെ.എസ്. ദേവ്ജി ജി.സി.സി കലോത്സവം ആവേശകരമായി തുടരുന്നു. 11ാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ നൃത്ത-സംഗീത മത്സരങ്ങളിൽ കടുത്ത പോരാട്ടമാണ് വേദിയിൽ അരങ്ങേറുന്നത്. സംഗീത-നൃത്ത അധ്യാപകരും കേരളത്തിലെ മുൻ യുവജനോത്സവ പ്രതിഭകളുമടങ്ങുന്നവർ വിധികർത്താക്കളായി നാട്ടിൽ നിന്നെത്തിയിട്ടുണ്ട്.
ഈദ് അവധി ദിനങ്ങളിൽ അഞ്ചോളം വേദികളിലായി പ്രധാന സ്റ്റേജ് ഇനങ്ങളായ ഭരതനാട്യം, വെസ്റ്റേൺ ഡാൻസ്, മോഹിനിയാട്ടം, ഫോക്ക് ഡാൻസുകൾ എന്നിവ നടന്നു. മത്സരാർഥികളെ പ്രോത്സാഹിപ്പിക്കാനും മത്സരങ്ങൾ വീക്ഷിക്കാനുമായി പൊതുജനങ്ങൾക്കും അവസരം ഒരുക്കിയിരുന്നു. നൂറിൽപരം ഇനങ്ങളിലായി ആയിരത്തോളം മത്സരാർഥികൾ വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നായി പങ്കെടുക്കുന്നുണ്ട്.
സമാജം അംഗങ്ങളായ നൂറിലധികം വളന്റിയർമാരാണ് സംഘാടന പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നത്. ബിനു വേലിയിലും നൗഷാദ് മുഹമ്മദുമാണ് കലോത്സവ കമ്മിറ്റിയുടെ നേതൃത്വം വഹിക്കുന്നത്. മത്സരങ്ങൾക്ക് മികച്ച പ്രതികരണമാണുണ്ടാവുന്നതെന്നും സംഘാടക മികവുകൊണ്ടും കലോത്സവം നാട്ടിലെ യുവജനോത്സവങ്ങളുടെ നിലവാരത്തിലേക്ക് ഉയരുന്നുവെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.