ജീവിതം ചിലപ്പോളൊക്കെ അങ്ങനെയാണ്. പിടിവള്ളി എവിടെയാണ് എന്ന് കണ്ടെത്താൻ പാടുപെടും. അങ്ങനെ ജീവിതത്തിന്റെ ഒരേടിൽ പ്രവാസം തിരഞ്ഞെടുക്കേണ്ടി വന്നവരിൽ ഒരാളാണ് യഹിയാ മുഹമ്മദ്. എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് വീശിയ പ്രവാസത്തിന്റെ ചൂടുകാറ്റ് യഹിയയിലെ എഴുത്തുകാരനെ കരിയിച്ചു കളയാൻ മാത്രം കഴിഞ്ഞില്ല. യഹിയ എഴുതി. കവിതയായും നോവലും. ജോലി ഇടവേളകളിലും ഒഴിവുസമയങ്ങളിലും എഴുത്ത് ശ്വാസവായുപോലെ കൂടെചേർന്നു. കവിതകളുടെ ലോകത്തുനിന്ന് അത് ഒരു നോവൽ വരെ എത്തിനിൽക്കുന്നു.യഹിയ മുഹമ്മദിന്റെ ആദ്യ നോവലാണ് ഇരുൾ. ലോകം മനുഷ്യരെ നല്ലവരായും ചീത്തയായും വളർത്തി, കഥകളിലും സാഹിത്യങ്ങളിലും വാമൊഴികളിലും നല്ലവരെ വാഴ്ത്തി. എങ്കിലും യഹിയയുടെ ഇരുൾ എന്ന നോവലിൽ നന്മയുടെയും, തിന്മയുടെയും വടംവലിയിൽ വിജയപരാജയങ്ങൾ കാണാതെ പകച്ചുപോയ ഒരു പറ്റം മനുഷ്യസമൂഹമുണ്ട്. ദൈവമോ? ചെകുത്താനോ? ആരോ എറിഞ്ഞു കൊടുത്ത ചൂണ്ടക്കൊളുത്തിൽ ചങ്ക് കുരുങ്ങി അന്ധരായിപ്പോയവർ. സത്യാസത്യങ്ങൾ ഇനിയും തിരയണോ എന്നു ഞാൻ ശങ്കിച്ചു പോയ ഒരു മുഹൂർത്തമുണ്ട് ഈ നോവലിൽ.
പ്രണയത്തിനും മരണത്തിനും. സാഹിത്യത്തിലൊരു സമയവും കാലവും ഒരു സഞ്ചാരപഥവുമുണ്ട്. അതിനെയൊക്കെ പൊളിച്ചെഴുതുന്നതാണ് യഹിയയുടെ എഴുത്തുകൾ.
യാതൊരു മുൻവിധിയുമില്ലാതെ വായിച്ചു തുടങ്ങുക എന്നതാണ് ഒരു പുസ്തകത്തിനു നമുക്കുകൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ബഹുമാനം. ഇങ്ങനെ പറയാനുള്ള കാരണം യഹിയ ഇതുവരെ നോവൽ എഴുതിയിട്ടില്ല എന്നത് കൊണ്ടുമാത്രമാണ്. ക്രിസ്തീയ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണ് ഇരുൾ.ഒരു സിനിമയെ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണത്. കഥയുടെ ഗതിയെ യാതൊരു വിധത്തിലും കണ്ടെത്താൻ വായനക്കാരന് കഴിയില്ല എന്നതും, കണ്ടെത്താൻ ശ്രമിക്കുമ്പോഴൊക്കെയും ഒരു വരാൽ മീനിനെ പോലെ കഥ അടുത്ത തലത്തിലേക്ക് വഴുതി വീണിട്ടുണ്ടാവും എന്നതും വായനയുടെ വേഗം കൂട്ടുന്നു. കഥയെ പറ്റി ചെറിയൊരു സൂചന തരുന്നതുപോലും വായനയെ ബാധിക്കും. ചില രഹസ്യങ്ങൾ മരണമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ നന്മയും തിന്മയും വേർതിരിച്ചെടുക്കാൻ കഴിയുന്നിടത്താണ് വിജയം. പ്രണയവും രതിയും പകയും ഭക്തിയും വാഴ്ചയും വിപ്ലവവുമൊക്കെ ഇഴ ചേർന്നുക്കിടക്കുന്നതാണ് ഇരുൾ.
കണ്ടു പരിചയമുള്ള നോവലുകളിൽ നിന്നും ഒരു പൊളിച്ചെഴുത്ത് കൂടെ നമുക്ക് ഇവിടെ കാണാൻ കഴിയും. ആദ്യം പറഞ്ഞതുപോലെ യാതൊരു മുൻ വിധിയുമില്ലാതെ പുസ്തകം കൈയിലെടുത്താൽ തീർക്കാതെ നിങ്ങൾക്കത് താഴെ വെക്കാൻ കഴിയില്ല. ഒരു കഥയും അവസാനിക്കുന്നില്ലല്ലോ.... അല്ലേ.... അതേപോലെ ഇരുളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.