(ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്സിലെ ഇൻറർവെൻഷനൽ കാർഡിയോളജിസ്റ്റാണ് ലേഖകൻ)
ഹൃദയസംബന്ധമായ അസുഖങ്ങളാണ് ലോകത്ത് മരണത്തിനും ശാരീരിക വൈകല്യത്തിനും പ്രധാന കാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും ഏകദേശം 17.9 ദശലക്ഷം ജീവനുകളാണ് ഇതുമൂലം നഷ്ടമാകുന്നത്.
ഇക്കാര്യത്തിൽ ബഹ്റൈൻ ഒരു അപവാദമല്ല. രാജ്യത്തെ 22 ശതമാനം മരണങ്ങളും ഹൃദയധമനീ രോഗം മൂലമുണ്ടാകുന്നതാണ്. ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർ പലവിധ കാരണങ്ങളാൽ ഹൃദയാഘാത സാധ്യത കൂടുതലുള്ളവരാണ്. ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലെ കാർഡിയാക് കത്തീറ്ററൈസേഷൻ ലാബിൽനിന്നുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഏറ്റവും വിഷമകരമായ കാര്യം ഹൃദയ ധമനീ രോഗം ചെറുപ്പക്കാരെയും ബാധിക്കുന്നു എന്നതാണ്. കുടുംബത്തിലെ വരുമാന സമ്പാദകരായ ചെറുപ്പക്കാരെ ഇൗ രോഗം പിടികൂടുന്നത് വലിയ സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. വിവിധ തരത്തിലുള്ള ഹൃദയ ധമനീ രോഗങ്ങൾ പ്രകടമായ ഏകദേശം 55 ശതമാനം ഇന്ത്യൻ പ്രവാസികൾ 45-60 വയസ്സിനിടയിലുള്ളവരാണ്. 30 ശതമാനത്തോളം 45 വയസ്സിന് താഴെയുള്ളവരാണ്.
ബി.എസ്.എച്ച് അപ്പോളോ ഹാർട്ട് സെൻറർ അടുത്തിടെ 300 കത്തീറ്ററൈസേഷൻ പൂർത്തിയാക്കി.
അസാധാരണമായ വിജയ നിരക്കാണ് ഇതിൽ കൈവരിച്ചത്. 2019 നവംബറിനും 2021 സെപ്റ്റംബറിനും ഇടയിൽ വിവിധ രാജ്യക്കാരായ 208 രോഗികളാണ് ഇതിന് വിധേയരായത്. ഭയാനകമെന്ന് പറയെട്ട, കൊറോണറി ആൻജിയോഗ്രഫിക്ക് വിധേയരായ രോഗികളിൽ 63 പേർ (30.3 ശതമാനം) ഇന്ത്യക്കാരായ പ്രവാസികളായിരുന്നു. ഈ 63 രോഗികളിൽ 46 പേർ (73 ശതമാനം) കൊറോണറി ആൻജിയോപ്ലാസ്റ്റിക്കും സ്റ്റെൻറിങ്ങിനും വിധേയരായി. 11 രോഗികളുടെ (17 ശതമാനം) ഹൃദയ ധമനികളിൽ ഗുരുതരമായി രോഗം ബാധിച്ചിരുന്നു. ഹൃദയ ധമനീ ബൈപാസ് ഗ്രാഫ്റ്റ് ശസ്ത്രക്രിയക്ക് വിധേയരാകണമെന്ന് ഇവരോട് നിർദേശിച്ചു. ആറ് രോഗികൾ (10 ശതമാനം) മാത്രമാണ് മരുന്നുകൊണ്ടു മാത്രം ചികിത്സക്ക് അനുയോജ്യരായിരുന്നത്.
• പ്രായം
പ്രായം കൂടുന്തോറും നാശം സംഭവിച്ചതും ഇടുങ്ങിയതുമായ ധമനികൾ മൂലമുള്ള ഹൃദ്രോഗസാധ്യത വർധിക്കുന്നു. അതേസമയം, ഇന്ത്യക്കാർക്ക് മറ്റുള്ളവരേക്കാൾ ഏകദേശം 10-15 വർഷം മുമ്പ് ഹൃദ്രോഗം ഉണ്ടാകുന്നുവെന്ന് ഓർക്കണം.
• ജെൻഡർ
പുരുഷന്മാരിൽ സാധാരണയായി ഹൃദയ ധമനീ രോഗ സാധ്യത കൂടുതലാണ്. എന്നിരുന്നാലും, ഹൃദ്രോഗമുള്ള നിരവധി സ്ത്രീകളെയും കാണാറുണ്ട്. കൂടാതെ, സ്ത്രീകൾ കൂടുതലായി അസാധാരണ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു.
•കുടുംബ ചരിത്രം.
ഹൃദ്രോഗത്തിെൻറ കുടുംബ ചരിത്രം ഹൃദയ ധമനീ രോഗത്തിെൻറ കൂടുതൽ അപകടസാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു; പ്രത്യേകിച്ച് ഏതെങ്കിലും അടുത്ത ബന്ധുവിന് ചെറുപ്രായത്തിൽ ഹൃദ്രോഗം ഉണ്ടാവുകയാണെങ്കിൽ. നിങ്ങളുടെ മാതാപിതാക്കളോ സഹോദരങ്ങളോ അകാല ഹൃദ്രോഗം ബാധിച്ചവരാണെങ്കിൽ നിങ്ങളുടെ അപകടസാധ്യത വളരെ കൂടുതലാണ്.
•വംശവും വർഗവും
ദക്ഷിണേഷ്യക്കാർ, പ്രത്യേകിച്ച്, ഇന്ത്യക്കാർ ഹൃദ്രോഗ സാധ്യത കൂടുതലുള്ളവരാണ്. ഹൃദ്രോഗം ബാധിക്കാൻ 'ഉയർന്ന സാധ്യത' അല്ലെങ്കിൽ 'വളരെ ഉയർന്ന സാധ്യത' ഉള്ളവരാണ് ഇന്ത്യക്കാരെന്ന് ചില ലോകപ്രശസ്ത ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.
• പുകവലി
പുകവലി ഹൃദ്രോഗ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. ഹൃദ്രോഗത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള പ്രധാന കാരണം ഇതാണ്.
• പ്രമേഹം
ഹൃദയ ധമനീ രോഗങ്ങളുടെ ഏറ്റവും സാധാരണ കാരണങ്ങളിലൊന്നാണ് പ്രമേഹം. മറ്റ് രോഗ സാധ്യതകൾക്കൊപ്പം പ്രമേഹവുമുണ്ടെങ്കിൽ ഹൃദ്രോഗ സാധ്യത പതിൻമടങ്ങ് വർധിക്കുന്നു.
•ഉയർന്ന രക്തസമ്മർദം
ചികിത്സിക്കാത്തതും അനിയന്ത്രിതവുമായ ഉയർന്ന രക്തസമ്മർദം ഹൃദയ ധമനികളുടെ കാഠിന്യത്തിനും കട്ടിയാകാനും കാരണമാകുന്നു. ധമനികളിലെ രക്തപ്രവാഹം ഇത് തടസ്സപ്പെടുത്തുന്നു.
• ഉയർന്ന കൊളസ്ട്രോൾ
രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ, പ്രത്യേകിച്ച് ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (LDL) കൊളസ്ട്രോൾ ഹൃദയ ധമനികളിൽ തടസ്സമുണ്ടാക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.
•അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി.
അധിക ഭാരം സാധാരണയായി മറ്റ് രോഗസാധ്യത ഘടകങ്ങൾ വർധിപ്പിക്കും. കുടവയറും ഇടുപ്പും അരക്കെട്ടും തമ്മിലെ അസാധാരണമായ അനുപാതവും ശ്രദ്ധിക്കേണ്ടതാണ്.
•ശാരീരിക അധ്വാനമില്ലായ്മയും
വ്യായാമത്തിെൻറ അഭാവം അടുത്തകാലത്ത് ഹൃദ്രോഗങ്ങളുടെ ഒരു പ്രധാന കാരണമായി മാറിയിരിക്കുന്നു. കോവിഡ് പകർച്ചവ്യാധിയും വീട്ടിലിരുന്ന് ജോലിയും കാരണം അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവയുടെ സാധ്യതയും അതുവഴി ഹൃദ്രോഗ സാധ്യതയും വർധിച്ചു.
•തെറ്റായ ഭക്ഷണ ശീലങ്ങൾ
പൂരിത കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ അമിത ഉപയോഗം ഹൃദ്രോഗ സാധ്യത വർധിപ്പിക്കും.
•ഉയർന്ന മാനസിക സമ്മർദം
ജീവിതത്തിലെ നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത മാനസിക സമ്മർദം ഹൃദ്രോഗത്തിനുള്ള കാരണമായി മാറാം. കുടുംബങ്ങളിൽ നിന്ന് അകന്നു കഴിയുന്ന പ്രവാസികളുടെ കാര്യത്തിൽ ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു.
സാധാരണ ലക്ഷണങ്ങൾ:
1. നെഞ്ചിലെ വേദനയും അസ്വസ്ഥതയും
ഇത് നെഞ്ചിെൻറ മധ്യത്തിലോ ഇടത്തോ വലത്തോ ആയിരിക്കാം. കൈ, കഴുത്ത്, താടിയെല്ല്, പുറത്തിെൻറ മുകൾ ഭാഗം എന്നിവിടങ്ങളിലും ഇത് അനുഭവപ്പെടാം. സാധാരണയായി ശാരീരിക അധ്വാനത്താൽ സംഭവിക്കുകയും വിശ്രമത്തോടെ ആശ്വാസം ലഭിക്കുകയും ചെയ്യുന്നതാണ് ഇൗ അസ്വസ്ഥതകൾ. ആൻജിന എന്നാണ് ഇൗ അവസ്ഥയെ പൊതുവേ പറയുന്നത്.
വിശ്രമിക്കുേമ്പാഴോ അല്ലെങ്കിൽ കുറഞ്ഞ ശാരീരിക അധ്വാനം നടത്തുേമ്പാേഴാ ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ഉടൻതന്നെ ഹൃദയാഘാതം ഉണ്ടാകാമെന്ന സൂചനയാണ് നൽകുന്നത്.
2. ശ്വാസതടസ്സം
നിസ്സാര ശാരീരികാധ്വാനത്തിലും അമിതമായി ശ്വാസതടസ്സം അനുഭവപ്പെടുന്നത് ഹൃദ്രോഗത്തിെൻറ സൂചനയാണ്. നെഞ്ചിലെ അസ്വസ്ഥത ഇതോടൊപ്പം ഉണ്ടാവുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം.
3. അസാധാരണമായ വിയർപ്പ് അല്ലെങ്കിൽ അസ്വസ്ഥത
അസാധാരണമായ ലക്ഷണങ്ങൾ (സ്ത്രീകളിലും പ്രായമായവരിലും പ്രമേഹരോഗികളിലും ഇവ കൂടുതലായി കാണപ്പെടുന്നു):
1. നെഞ്ചിെൻറ വലത് അല്ലെങ്കിൽ ഇടതുഭാഗത്ത് അസ്വസ്ഥത
2. വയറുവേദന അല്ലെങ്കിൽ നെഞ്ചെരിച്ചിൽ
3. ഓക്കാനം, ഛർദി
4. കാരണങ്ങളില്ലാത്ത അല്ലെങ്കിൽ വിശദീകരിക്കാൻ കഴിയാത്ത ക്ഷീണം
5. തലകറക്കം അനുഭവപ്പെടൽ
6. വീഴ്ച അല്ലെങ്കിൽ ബോധം നഷ്ടപ്പെടൽ
1. ഇസിജി: ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പരിശോധനയാണ് ഇത്.
2. 2D എക്കോകാർഡിയോഗ്രഫി: ഇത് ഹൃദയത്തിെൻറ അൾട്രാസൗണ്ട് പോലെയാണ്.
ഹൃദയത്തിെൻറ അറകളുടെ കൃത്യമായ സ്ഥിതിയും ഹൃദയ ധമനികളിലെ തടസ്സങ്ങളും ഇത് വ്യക്തമായി കാണിക്കും.
3. കാർഡിയാക് എൻസൈമുകൾ: ഹൈ സെൻസിറ്റിവിറ്റി ട്രോപോണിൻ പോലെയുള്ള പ്രത്യേക പരിശോധനകൾക്ക് ഹൃദയാഘാത നിർണയം വളരെ കൃത്യതയോടെ നടത്താൻ കഴിയും
4. സ്ട്രെസ് ടെസ്റ്റ്: ട്രെഡ്മില്ലിൽ വ്യായാമത്തിെൻറ രൂപത്തിലോ സൈക്കിൾ ചവിട്ടുന്ന രീതിയിലോ നടത്തുന്ന കാർഡിയോവാസ്കുലർ സ്ട്രെസ് ടെസ്റ്റ് വഴി സ്ഥിരമായ ഹൃദ്രോഗം കണ്ടുപിടിക്കാം.
5. കൊറോണറി ആൻജിയോഗ്രഫി: ഒരു ചെറിയ കത്തീറ്റർ കൈത്തണ്ടയിലോ അടിവയറിലോ ഉള്ള സിരകളിലൂടെ കടത്തിവിട്ട് ഹൃദയ ധമനികളുടെ ചിത്രങ്ങളെടുക്കുന്ന വിദഗ്ധ പ്രക്രിയയാണ് ഇത്.
മിതമായ ഹൃദയ ധമനീ രോഗമാണെങ്കിൽ ജീവിതശൈലിയിലെ മാറ്റങ്ങളും മരുന്നുകളും കൊണ്ട് കൂടുതൽ വഷളാകുന്നത് തടയാം. നിലവിലുള്ള രോഗാവസ്ഥക്ക് ശമനമുണ്ടാകാനും ഇത് സഹായിക്കും. തീവ്രമായ ഹൃദയാഘാതമാണെങ്കിൽ അടിയന്തര കൊറോണറി ആൻജിയോഗ്രാഫിയാണ് അഭികാമ്യം. തുടർന്ന് ആൻജിയോപ്ലാസ്റ്റിയും സ്റ്റെൻറിങ്ങും വേണം. അപൂർവ സന്ദർഭങ്ങളിൽ, ബൈപാസ് ഗ്രാഫ്റ്റ് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
അൽപം ശ്രദ്ധിക്കാം
ശ്രദ്ധിച്ചാൽ ഹൃദ്രോഗം ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഇതിന് ആരോഗ്യകരമായ ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവും ഉൾപ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലി നയിക്കേണ്ടതുണ്ട്. കൂടാതെ, പ്രമേഹം, ഹൈപ്പർടെൻഷൻ, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യണം.
സിഗരറ്റും ഷീഷയും ഉൾപ്പെടെ എല്ലാത്തരം പുകയിലയും ഒഴിവാക്കുകയും മദ്യപാനം പരിമിതപ്പെടുത്തുകയും വേണം. കൃത്യമായ ഇടവേളകളിൽ ഒരു നല്ല കാർഡിയോളജിസ്റ്റിെൻറ പരിശോധനക്ക് വിധേയനാവുക എന്നതാണ് ഏറ്റവും പ്രധാനം.
ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ കാര്യത്തിൽ ഇത് 30 വയസ്സുള്ളപ്പോൾ തന്നെ ആരംഭിക്കുന്നതാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.