മനാമ: ദേശീയദിനത്തോടനുബന്ധിച്ച് ‘സെലിബ്രേറ്റ് ബഹ്റൈൻ’ പ്രമേയത്തിൽ നിരവധി സംഗീത, സാംസ്കാരിക, കായിക പരിപാടികളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. ഇവയുടെ പട്ടിക ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ)പ്രഖ്യാപിച്ചു.
ഡിസംബറിൽ വിവിധ ഗവർണറേറ്റുകളിലായി കുടുംബ, സംഗീത, സാംസ്കാരിക, കായിക പരിപാടികളുടെ വിപുലമായ ശ്രേണിയാണ് പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കുമായി ഒരുക്കുന്നത്.
ഇൻഫർമേഷൻ മന്ത്രാലയം സംഘടിപ്പിക്കുന്ന ഹെറിറ്റേജ് വില്ലേജ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ്, എക്സിബിഷൻ വേൾഡിൽ നടക്കും. പുതുവത്സരാഘോഷവും ബഹ്റൈൻ ഷോപ്പിങ് ഫെസ്റ്റിവലും വിവിധ വേദികളിൽ നടക്കും. മറാസി അൽ ബഹ്റൈൻ, ബഹ്റൈൻ ബേ, വാട്ടർ ഗാർഡൻ സിറ്റി, ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബർ, ബഹ്റൈൻ ഫോർട്ട്, ബഹ്റൈൻ നാഷനൽ മ്യൂസിയം, അൽ നജ്മ ക്ലബ് തുടങ്ങി വിവിധ വേദികളിൽ ആഘോഷങ്ങൾ നടക്കും. പുതുവത്സരാഘോഷങ്ങളിൽ കരിമരുന്ന് കലാപ്രകടനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് ദേശീയദിനവും പുതുവത്സരവും പ്രമാണിച്ച് അൽ ദാന ആംഫി തിയറ്ററിൽ സംഗീത, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. നാഷനൽ തിയറ്ററിൽ ബഹ്റൈൻ ഫിൽ ഹാർമോണിക് ഓർക്കസ്ട്രയുടെ പരിപാടിയും നടക്കും. ബി.എൻ.പി പാരിബാസ് ബഹ്റൈൻ ജാസ് ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പ്, മുഹറഖ് സിറ്റിയിൽ ‘മുഹറഖ് നൈറ്റ്സ്’ ഫെസ്റ്റിവൽ രണ്ടാം പതിപ്പ് എന്നിവയും നടക്കും.
അയൺമാൻ 70.3 മിഡിലീസ്റ്റ് ചാമ്പ്യൻഷിപ്, റോട്ടാക്സ് മാക്സ് ചലഞ്ച് ഗ്രാൻഡ് ഫൈനൽ, കുതിരപ്പന്തയ മത്സരങ്ങൾ, ബ്രേവ് ചാമ്പ്യൻഷിപ് സീരീസ് എന്നിവയടക്കം സ്പോർട്സ് ഇവന്റുകളും നടക്കും.ഡിസംബറിൽ ബഹ്റൈനിലേക്കു വരുന്ന സന്ദർശകർക്ക് ഗൾഫ് എയർ ഫ്ലൈറ്റ് ചാർജിൽ 16 ശതമാനം കിഴിവടക്കം ഓഫറുകൾ നൽകും. മോദ മാൾ, സിറ്റി സെന്റർ ബഹ്റൈൻ, സീഫ് മാൾ, ദി അവന്യൂസ് എന്നിവിടങ്ങളിലെ സ്റ്റോറുകളിലും റസ്റ്റാറന്റുകളിലും വിവിധ നറുക്കെടുപ്പുകളും നടക്കും.വിനോദസഞ്ചാരികൾക്കായി താമസം, വിനോദം, ഗതാഗതം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പാക്കേജുകളും വിവിധ ഹോട്ടലുകളിൽ ഹോട്ടൽ താമസ ഓഫറുകളും ഉണ്ടാകും, മൂന്നു രാത്രിയോ അതിൽ കൂടുതലോ താമസിക്കുമ്പോൾ കുട്ടികൾക്ക് സൗജന്യ താമസമടക്കം ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഘോഷ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്നതിനുമായി പ്രചാരണപരിപാടികൾ ആരംഭിച്ചു. ഇവന്റുകളുടെ പൂർണ വിശദാംശങ്ങൾ calendar.bhൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.