കണക്ടിൻ പ്രവർത്തക കാമ്പയിൻ ലോഗോ പ്രകാശനം
മനാമ: ‘ബ്രിഡ്ജിങ് ഹേർട്സ്, ചെയ്ഞ്ചിങ് ലീവ്സ്’ എന്ന ശീർഷകത്തിൽ കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കണക്ടിൻ പ്രവർത്തക കാമ്പയിന് തുടക്കമായി. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ സാഹിബ് കളത്തിങ്ങൽ ലോഗോ പ്രകാശനംചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
ഏപ്രിൽ 15 മുതൽ ജൂൺ 15 വരെ രണ്ട് മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിന്റെ ഭാഗമായി ജില്ല നേതാക്കളും മണ്ഡലം നേതാക്കളും മലപ്പുറം ജില്ലയിൽനിന്നുള്ള മുഴുവൻ പ്രവർത്തകരെയും നേരിട്ട് കാണുകയും ജില്ല കമ്മിറ്റിയുടെ പ്രവർത്തന പദ്ധതികൾ വിശദീകരിക്കുകയുംചെയ്യും. ഭാവി പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കാലോചിതമായ മാറ്റങ്ങൾ സംഘടന പ്രവർത്തനത്തിൽ കൊണ്ടുവരുന്നതിനും പ്രവർത്തകരിൽനിന്ന് നിർദേശങ്ങൾ തേടും.
കാമ്പയിനിന്റെ ഭാഗമായി അവശത അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുകയും നിയമസഹായങ്ങൾ ആവശ്യമുള്ളവർക്ക് ലഭ്യമാക്കുകയുംചെയ്യും. നാട്ടിൽ ഗവണ്മെന്റ് സംബന്ധമായ കാര്യങ്ങളിൽ സഹായങ്ങൾ ആവശ്യമുള്ളവർക്ക് അതത് മണ്ഡലം മുസ്ലിം ലീഗ് നേതാക്കളുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ ശ്രമിക്കും. ബഹ്റൈനിൽ ജോലിചെയ്യുന്ന മുസ്ലിം ലീഗ് പ്രവർത്തകർക്കും അനുഭാവികൾക്കും മെംബർഷിപ്പും അമാന സെക്യൂരിറ്റി സ്കീമിൽ അംഗത്വവും കാമ്പയിനിന്റെ ഭാഗമായി നൽകും.
കാമ്പയിൻ വിജയിപ്പിക്കുന്നതിനുവേണ്ടി മുഴുവൻ പ്രവർത്തകരും കർമരംഗത്തിറങ്ങണമെന്ന് ജില്ല കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ താനൂരും ആക്ടിങ് ജനറൽ സെക്രട്ടറി മുജീബ് മേൽമുറിയും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.