ദുബൈ: കാർഷിക, വെറ്ററിനറി മെഡിസിൻ എന്നിവക്ക് ഊന്നൽ നൽകുന്ന പഠനത്തിനായി ഷാർജയിലെ അൽ ദൈദിൽ സർവകലാശാല ആരംഭിക്കുന്നു. അൽ ദൈദ് സർവകലാശാല അടുത്ത മാസം 16ന് ഉദ്ഘാടനം ചെയ്യുമെന്ന് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു.
ഷാർജയുടെ സെൻട്രൽ മേഖലക്ക് ഏറെ പ്രയോജനം ചെയ്യുന്ന സർവകലാശാല, തൊഴിൽ അന്വേഷകരുടെ പ്രഫഷനൽ നിലവാരം ഉയർത്തുന്നതിന് ആവശ്യമായ വൈദഗ്ധ്യം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിക്കുന്നത്. കൃഷി, വെറ്ററിനറി മെഡിസിൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അധ്യാപകരും വിദഗ്ധരും സ്ഥാപനത്തിലുണ്ടാകും.
സർവകലാശാലയിലെ വെറ്ററിനറി മെഡിസിൻ വിഭാഗത്തിലേക്ക് പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചതായും ഷാർജ ഭരണാധികാരി വെളിപ്പെടുത്തി. ഈ മേഖലയിലെ പഠനത്തിന് സാധാരണ വൈദ്യശാസ്ത്രത്തിലെ പഠനത്തിന് സമാനമായ ചെലവും പ്രയത്നവും ആവശ്യമായതിനാൽ, സെക്കൻഡറി വിദ്യാഭ്യാസത്തിൽ മികച്ച ഗ്രേഡ് നേടിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ ടി.വിയിലും റേഡിയോയിലും ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ‘ഡയറക്ട് ലൈൻ’ പരിപാടിയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പ്രത്യേക കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന സർവകലാശാല മറ്റ് സർവകലാശാലകളിൽനിന്ന് വേറിട്ടുനിൽക്കുമെന്നും ശൈഖ് സുൽത്താൻ ഊന്നിപ്പറഞ്ഞു.
പ്രദേശത്തിന് ആവശ്യമായ നിർണായക പഠനമേഖലകളെന്ന നിലയിലാണ് കൃഷി, വെറ്ററിനറി, മെഡിസിൻ എന്നിവക്ക് ഇവിടെ പ്രാധാന്യം നൽകുന്നു. കാർഷിക പഠനവകുപ്പിന് നിലവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷൻ ലഭിച്ചിട്ടുണ്ട്. വെറ്ററിനറി മെഡിസിൻ വകുപ്പിന്റെ അക്രഡിറ്റേഷൻ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. കാർഷിക പഠന കോഴ്സ് നാലു വർഷമാണ്. എമിറേറ്റിലെ വിശാലമായ ഗോതമ്പ്, പശു, പച്ചക്കറി, പഴം ഫാമുകൾ പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും. സർവകലാശാലയോട് അനുബന്ധിച്ച് വെറ്ററിനറി മെഡിസിൻ പഠനത്തിന് കൂടി സഹായിക്കുന്ന മൃഗാശുപത്രിയുടെ നിർമാണം നടക്കുന്നുമുണ്ട്. സർവകലാശാല ഗുണനിലവാരം ഉയർത്തുന്നതിനായി സെക്കൻഡറി തലത്തിൽ 70 ശതമാനത്തിലേറെ മാർക്ക് നേടിയവരെ മാത്രമാണ് അഡ്മിഷന് പരിഗണിക്കുന്നുള്ളൂ. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അൽ ദൈദ് സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ ശൈഖ് സുൽത്താൻ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.