മനാമ: ദീപാവലി ആശംസകളുമായി ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മന്ത്രിമാരും ഇന്ത്യൻ ഭവനങ്ങൾ സന്ദർശിച്ചു.
പ്രമുഖ ഇന്ത്യൻ ബിസിനസ് ഗ്രൂപ്പുകളായ മുൽജിമൽ, കവലാനി, താക്കർ, കേവൽറാം, അസർപോട്ട, ഭാട്ടിയ, പമ്പാവാസൻ നായർ എന്നീ കുടുംബങ്ങളുടെ ഭവനങ്ങളിലായിരുന്നു സന്ദർശനം.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധീകരിച്ചാണ് ശൈഖ് മുഹമ്മദ് ഇന്ത്യൻ ഭവനങ്ങൾ സന്ദർശിച്ചത്. ബഹുസ്വരതക്കും സഹിഷ്ണുതക്കും സമാധാനപരമായ സഹവർത്തിത്വത്തിനും ഊന്നൽനൽകുന്ന ഹമദ് രാജാവിന്റെ ദർശനങ്ങളെയും അതിന് സർവവിധ പിന്തുണയും നൽകുന്ന, പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നയങ്ങൾ ചൂണ്ടിക്കാട്ടിയ, ശൈഖ് മുഹമ്മദ്, കുടുംബാംഗങ്ങൾക്ക് ദീപാവലി ആശംസ നേർന്നു.
അമാദ് ഗ്രൂപ് എം.ഡി പമ്പാവാസൻ നായരുടെ സാറിലെ വസതിയിൽ നടന്ന ദീപാവലി ആഘോഷങ്ങളിൽ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് ഹുമൈദാൻ, നോർത്തേൺ ഗവർണർ അലി ബിൻ അൽ ശൈഖ് അബ്ദുൾ ഹുസൈൻ അൽ അസ്ഫൂർ, മുഹമ്മദ് ജനാഹി എം.പി, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ജർമൻ അംബാസഡർ ക്ലെമൻസ് ഹാച്ച്, മുൻ മന്ത്രി അബ്ദുൽനബി അൽഷോല, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അഹമ്മദ്, രവി ജെയ്ൻ തുടങ്ങിയവർ പങ്കെടുത്തു.
മഹത്തായ മൂല്യങ്ങൾ പരിപോഷിപ്പിക്കുന്നതിലൂടെ രാജ്യം സാംസ്കാരിക വൈവിധ്യത്തിന്റെയും മതപരമായ ബഹുസ്വരതയുടെയും പരസ്പര ബഹുമാനത്തിന്റെയും മാതൃകയായി മാറിയെന്ന് ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു.
സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ശക്തമായ സാംസ്കാരിക അടിത്തറയാണ് രാജ്യത്തിനുള്ളത്. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും മതങ്ങളുടെയും കേന്ദ്രമെന്ന നിലയിൽ ബഹ്റൈൻ, ആഗോള പ്രസിദ്ധമാണ്.
സമൂഹത്തെ സേവിക്കുന്നതിനും ഐക്യം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ കുടുംബങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളെ അഭിനന്ദിച്ച ശൈഖ് മുഹമ്മദ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വികസനപ്രക്രിയകളിൽ പങ്കാളികളാക്കാനുള്ള ഭരണാധികാരികളുടെ പ്രതിജ്ഞാബദ്ധതക്ക് കുടുംബങ്ങൾ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.