മനാമ: വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ ക്രിയാത്മക നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സംയുക്ത കർമസംഘത്തിന് രൂപം നൽകാൻ ഇന്ത്യയും ബഹ്റൈനും തീരുമാനിച്ചു. അനുഭവങ്ങൾ പരസ്പരം പങ്കുവെക്കാനും ഈ സംഘം നേതൃത്വം നൽകും.
ഇന്ത്യൻ വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാനും ബഹ്റൈൻ യുവജനകാര്യ, കായികമന്ത്രി അയ്മെൻ തഫീഖ് അൽമൊഅയ്യാദും ഓൺലൈനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
സാങ്കേതിക വിദ്യ, നിർമിത ബുദ്ധി, വെർച്വൽ റിയാലിറ്റി, ഊർജം, ഫിൻടെക് എന്നിവയാണ് പരസ്പര സഹകരണത്തിന് കണ്ടെത്തിയിരിക്കുന്ന പ്രധാന മേഖലകൾ. ഇരുരാജ്യങ്ങളിലെയും യുവ സംരംഭകർക്ക് അവസരം തുറക്കുന്നതിനെക്കുറിച്ചും നാളത്തെ തൊഴിൽവിപണിക്ക് അനുയോജ്യമായ വൈദഗ്ധ്യം വളർത്തുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. തൊഴിൽശേഷി ഉറപ്പുവരുത്തുന്ന തരത്തിൽ ബഹ്റൈൻ നൽകിവരുന്ന നൈപുണ്യ വികസന പരിപാടികളെക്കുറിച്ച് അയ്മെൻ തൗഫീഖ് അൽമൊഅയ്യാദ് വിശദീകരിച്ചു. രാജ്യത്തിെൻറ സാമ്പത്തിക വികസനത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. സാങ്കേതിക വിപ്ലവത്തിനും തൊഴിൽ രീതികളിലെ മാറ്റത്തിനും അനുസൃതമായി തൊഴിൽ പരിശീലനത്തിന് ഊന്നൽ നൽകുന്ന 2002ലെ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് മന്ത്രി ധർമേന്ദ്ര പ്രധാൻ വിശദീകരിച്ചു.
തൊഴിൽ പരിശീലന രംഗത്ത് ഇരുരാജ്യങ്ങളുടെയും സഹകരണത്തിെൻറയും അനുഭവങ്ങൾ പങ്കുവെക്കുന്നതിെൻറയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരവും വൈവിധ്യമാർന്നതുമായ ബന്ധത്തെയും, കോവിഡ് പ്രതിസന്ധിക്കിടയിലും നടത്തിയ ഉന്നതതല കൂടിക്കാഴ്ചകളെയും ഇരുവരും പ്രശംസിച്ചു.
ബഹ്റൈൻ സന്ദർശിക്കാനുള്ള ക്ഷണം ധർമേന്ദ്ര പ്രധാന് ബഹ്റൈൻ യുവജനകാര്യ മന്ത്രി കൈമാറി. ക്ഷണം സ്വീകരിച്ച മന്ത്രി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.