മനാമ: ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് വഞ്ചി തുഴഞ്ഞുനടന്ന പയ്യൻ അമേരിക്കൻ സിവിൽ സർവിസിലെ ഏറ്റവും ഉയർന്ന പദവിയിലെത്തിയ അവിശ്വസനീയമായ കഥയാണ് ഇത്. യു.എസ്.എ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായ ഫാ. അലക്സാണ്ടർ ജെ. കുര്യനാണ് മലയാളികൾക്ക് അഭിമാനമായി ഇന്ന് വൈറ്റ് ഹൗസിനെ അലങ്കരിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുരോഹിതൻ കൂടിയായ അദ്ദേഹം സഭയുടെ പരിപാടികളിൽ സംബന്ധിക്കാനായി എത്തിയവേളയിൽ ആറ് അമേരിക്കൻ പ്രസിഡന്റുമാർക്കൊപ്പം ജോലി ചെയ്ത അനുഭവങ്ങൾ ‘ഗൾഫ്മാധ്യമ’ത്തോട് പങ്കുവെച്ചു. ഒപ്പം തന്റെ പട്ടിണി നിറഞ്ഞ കുട്ടിക്കാലത്തെപ്പറ്റിയും മരണത്തെ മുഖാമുഖം കണ്ട സമയത്തെപ്പറ്റിയും.
ഇറാഖ് യുദ്ധത്തിനിടെ ഫാ. അലക്സാണ്ടർ യാത്ര ചെയ്തിരുന്ന വാഹനവ്യൂഹത്തിനുനേരെ അപ്രതീക്ഷിതമായാണ് റോക്കറ്റാക്രമണമുണ്ടായത്. അമേരിക്കൻ സിവിൽ സർവിസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബാഗ്ദാദിലായിരുന്നു ദൗത്യം. ഇറാഖി മിനിസ്ട്രി ഓഫ് ഫിനാൻസിനെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു യാത്ര. ബാഗ്ദാദിൽ ഓഫിസിൽനിന്ന് ഇറങ്ങിവരുന്ന സമയത്തായിരുന്നു റോക്കറ്റാക്രമണം. 15 പേരടങ്ങുന്ന സംഘത്തിലെ 13 പേരെ കൺമുന്നിൽവെച്ച് കത്തിച്ചു. സാരമായി പരിക്കേറ്റ ഫാ. അലക്സാണ്ടർ മരിച്ചരീതിയിൽ കിടന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. കാറിനകത്തെ സ്വിച്ച് അമർത്തി വിവരം ഹെഡ് ക്വാർട്ടേഴ്സിനെ അറിയിച്ചതിനെത്തുടർന്ന് അവർ ഹെലികോപ്റ്ററുമായി വന്ന് എയർലിഫ്റ്റ് ചെയ്താണ് രക്ഷപെടുത്തിയത്.
അന്നത്തെ ആ ഭീകരാനുഭവത്തിനുശേഷം രാത്രി ഉറക്കം നഷ്ടപ്പെട്ടു. ഒരു കാതിന്റെ കേൾവിയടക്കം നഷ്ടമായി. കടുത്ത മാനസിക ശാരീരിക പ്രയാസങ്ങൾ അനുഭവിച്ചു. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് ഫാദർ പിടിച്ചുകയറുക തന്നെ ചെയ്തു. ജോലിയിൽ അധികം താമസിയാതെ തിരികെ പ്രവേശിച്ചു. പ്രമോഷനുകൾ വാങ്ങി കൂടുതൽ ഉത്തരവാദിത്തമുള്ള പദവികളിലെത്തി. തുല്യതയിൽ വിശ്വസിക്കുകയും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തു. ഇതിനെല്ലാം സഹായകമായത് തന്റെ കുട്ടിക്കാലത്തെ ജീവിതാനുഭവങ്ങളും അമേരിക്കയിലെത്തിയ ആദ്യ നാളുകളിൽ വയോജന കേന്ദ്രത്തിൽ ജോലി ചെയ്ത അനുഭവവുമായിരുന്നെന്ന് ഫാ. അലക്സാണ്ടർ പറഞ്ഞു.
1978ലാണ് 16ാമത്തെ വയസ്സിൽ ഹൈസ്കൂൾ പഠനം കഴിഞ്ഞ് അലക്സാണ്ടർ അമേരിക്കയിൽ നഴ്സായിരുന്ന മൂത്തസഹോദരിയുടെ അടുത്തേക്ക് പോകുന്നത്. തുടർപഠനം കഴിഞ്ഞ് 1987ൽ പൗരോഹിത്യം സ്വീകരിച്ചു. 1998ൽ വൈറ്റ് ഹൗസിൽ നിയമനം കിട്ടി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നു അവസാന ഘട്ട അഭിമുഖം നടത്തിയത്. മറ്റ് ഉദ്യോഗാർഥികൾക്കില്ലാത്ത എന്തു പ്രത്യേകതയാണ് താങ്കൾക്കുള്ളത് എന്നായിരുന്നു ചോദ്യം. മലയാളം അറിയാം എന്നു മറുപടി പറഞ്ഞു. 56 അക്ഷരങ്ങളും തിരിച്ചും മറിച്ചും പറഞ്ഞാൽ ഒരുപോലെ ഉച്ചരിക്കുന്നതുമായ മലയാള ഭാഷ അറിയാമെങ്കിൽ ഏതു കാര്യവും കൈകാര്യം ചെയ്യാനാകുമെന്ന് പറഞ്ഞ് അലക്സാണ്ടറെ നിയമിക്കുകയായിരുന്നു.
14 വർഷം സീനിയർ മാനേജ്മെന്റ് കൺസൾട്ടന്റ്, പിന്നീട് അമേരിക്കൻ ഓഫിസ് ഓഫ് സ്ട്രാറ്റജിക് പ്ലാനിങ് ഓഫിസിന്റെ മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
19ഓളം പ്രധാന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇന്റർനാഷനൽ പ്രോഗ്രാമുകൾ കൈകാര്യംചെയ്തു. 147 രാജ്യങ്ങളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. 138 പുതിയ യു.എസ് എംബസികളും കോൺസുലേറ്റുകളും നിർമിക്കുന്നതിന് മുൻകൈയെടുത്തു. നയതന്ത്രവേദികൾ സ്ഥാപിക്കുന്നതിനായി 15 മാസം ഇറാഖിലും 18 മാസം അഫ്ഗാനിസ്താനിലും ചെലവഴിച്ചു.2014 ൽ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് സിവിൽ സർവിസിന്റെ (എസ്.ഇ.എസ്.ഐ.) ഏറ്റവും ഉയർന്ന റാങ്കുള്ള വ്യക്തിയായി. രാഷ്ടീയ ഭേദെമന്യെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച സിവിൽ സർവന്റായതുകൊണ്ടാണ് വ്യത്യസ്ത നയങ്ങളുള്ള പ്രസിഡന്റുമാരുടെ കൂടെ പ്രവർത്തിക്കാൻ തനിക്ക് കഴിഞ്ഞതെന്ന് ഫാ. അലക്സാണ്ടർ ജെ. കുര്യൻ പറഞ്ഞു. ഇപ്പോൾ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ സേവനമനുഷ്ഠിക്കുമ്പോൾ ജനനന്മക്കായി ഇനിയും ഏറെ ചെയ്യാനാകുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിനുള്ളത്.
ജീവിതത്തിലെ കഠിനമായ പാതകളെല്ലാം കടന്നുപോകാൻ തുണയായത് വിശ്വാസത്തിന്റെ കരുത്താണെന്നും അദ്ദേഹം പറഞ്ഞു. അജിതയാണ് ഭാര്യ. അലീസ, നതാഷ, ഏലിയ എന്നീ മൂന്ന് മക്കളും നന്നായി മലയാളം സംസാരിക്കും. സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രലിൽ എക്യൂമെനിക്കൽ കോൺഫറൻസിനും ടീനേജെഴ്സ് കൗൻസിലിങ്ങിനും നേതൃത്വം നൽകുവാനാണ് ഫാ. അലക്സാണ്ടർ ബഹ്റൈനിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.