മനാമ: സർക്കാർ ജീവനക്കാരുടെയും വിരമിച്ചവരുടെയും ഏപ്രിൽ മാസത്തെ വേതനം ഈദിനു മുമ്പേ നൽകാൻ കാബിനറ്റ് യോഗത്തിൽ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുള്ള പദ്ധതി ചർച്ച ചെയ്തു.
ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് എളുപ്പത്തിൽ ഉചിതമായ തൊഴിലവസരം കണ്ടെത്തുന്നതിനാവശ്യമായ പദ്ധതിയെന്ന നിലക്ക് പാർലമെന്റ് നിർദേശത്തെ കാബിനറ്റ് പിന്തുണച്ചു. ഫലസ്തീനിലെ അൽ അഖ്സ മസ്ജിദിൽ നമസ്കരിച്ചുകൊണ്ടിരുന്നവർക്ക് നേരെ അക്രമം നടത്തുകയും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത ലംഘിക്കുകയും ചെയ്ത ഇസ്രായേൽ നടപടിയെ മന്ത്രിസഭ അപലപിച്ചു. ആരാധനാലയങ്ങളിൽ നടത്തുന്ന അതിക്രമങ്ങളെ ഒരു നിലക്കും ന്യായീകരിക്കാൻ കഴിയില്ലെന്നും ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കാനാവശ്യമായ നടപടി കൈക്കൊള്ളണമെന്നും കാബിനറ്റ് ആവശ്യപ്പെട്ടു.
പട്ടണങ്ങൾ, താമസ സ്ഥലങ്ങൾ, ഗ്രാമങ്ങൾ, റോഡുകൾ, സിഗ്നലുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയുടെ നാമകരണവുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപവത്കരിക്കുന്നതിനുള്ള നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി. ഏകീകൃത ഉപഭോക്തൃ സേവന ഡയറക്ടറി തയാറാക്കാനും അതുവഴി ഓൺലൈൻ സേവനങ്ങളുടെ മേന്മ ഉറപ്പാക്കാനും ഉപഭോക്താക്കളുടെ സംതൃപ്തി നേടാനുമുള്ള നിർദേശത്തിനും അംഗീകാരമായി. പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുനിസിപ്പൽ, കാർഷിക മന്ത്രാലയ നിർദേശവും അംഗീകരിച്ചു. വിവിധ മന്ത്രിമാർ പങ്കെടുത്ത പരിപാടികളുടെ വിശദാംശങ്ങളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.