മക്ലാരന് അഭിവാദ്യമർപ്പിച്ച് രാജ്യത്തെ പ്രധാന ലാൻഡ് മാർക്കുകളിൽ ഓറഞ്ച് വെളിച്ചം പ്രകാശിപ്പിച്ചപ്പോൾ
മനാമ: മക്ലാരന്റെ ഓസ്കാർ പിയസ്ട്രിയുടെ വിജയവും ആതിഥേയത്വത്തിന്റെ നേട്ടവും ഒന്നിച്ചാഘോഷിക്കുകയാണ് പവിഴദ്വീപ്. മുംതലകാത്തിന്റെ ഉടമസ്ഥതയിലുള്ള മക്ലാരൻ ടീം ബഹ്റൈൻ ഗ്രാൻഡ് പ്രീയിൽ ആദ്യമായി ഫോർമുല വൺ നേടിയെന്ന ഖ്യാതിയും ഈ വർഷത്തെ ഗ്രാൻഡ്പ്രീക്കുണ്ട്.
രാജ്യത്തെ പ്രധാന ലാൻഡ് മാർക്കുകളിലടക്കം ഓറഞ്ച് നിറത്തിലുള്ള ലൈറ്റുകൾ പ്രകാശിപ്പിച്ചാണ് രാജ്യം മക്ലാരന് അഭിവാദ്യമർപ്പിച്ചത്.
ഗ്രാൻഡ് പ്രീയുടെ നേട്ടത്തിനും നടത്തിപ്പിനും ചുക്കാൻ പിടിച്ച ഹമദ് രാജാവിനും കിരീടാവകാശിക്കും മന്ത്രിസഭയും രാജകുടുംബാംഗങ്ങളും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പ്രശംസയറിയിച്ചു. രാജ്യത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്തുന്ന ഒരു ഇവന്റായി ബഹ്റൈൻ ഗ്രാൻഡ് പ്രീ മാറിയതായി ആശംസ സന്ദേശത്തിൽ പലരും എടുത്തു പറഞ്ഞു.
ഒന്നാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും കേവലം മക്ലാരന്റെ ഡ്രൈവർമാരായ ഓസ്കാർ പിയസ്ട്രിയും ലാൻഡോ നോറിസുമാണ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് മേഴ്സിഡസിന്റെ ജോർജ് റസലായിരുന്നു.
മുംതലകാത്തിന്റെ ഉടമസ്ഥതയിലുള്ള മക്ലാരകൻ ടീം വിജയം നേടിയതിലൂടെ വിജയാഘോഷങ്ങൾക്ക് ഇരട്ടി മധുരമാണ്. ബഹ്റൈൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള സോവറിൻ വെൽത്ത് ഫണ്ടായ ബഹ്റൈൻ മുംതലകാത് ഹോൾഡിങ് കമ്പനി (മുംതലകാത്), മക്ലാറൻ ഓട്ടോമോട്ടീവും മക്ലാറൻ റേസിങ്ങും ഉൾപ്പെടുന്ന മക്ലാറൻ ഗ്രൂപ്പിന്റെ ഭൂരിപക്ഷ ഓഹരി ഉടമയായിരുന്നു. 2024 അത് പൂർണമായി മുംതലകാത്തിന്റെ കീഴിലായി.
എന്നാൽ, കഴിഞ്ഞ ഡിസംബറിൽതന്നെ സി.വൈ.വി.എൻ ഹോൾഡിങ് മക്ലാരൻ ഓട്ടോ മോട്ടീവിന്റെ ഓഹരികൾ ഏറ്റെടുത്തെങ്കിലും മക്ലാരൻ റേസിങ്ങിൽ മുംതലാകാത്തിന് ഇപ്പോഴും ഓഹരി നിലനിൽക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിലും രാജ്യത്തിനകത്തും വിദ്യാഭ്യാസം, വ്യോമയാനം, ആരോഗ്യ സംരക്ഷണം, ഉപഭോക്തൃ, സാമ്പത്തിക സേവനങ്ങൾ, വ്യാവസായിക ഉൽപാദനം, റിയൽ എസ്റ്റേറ്റ്, ടൂറിസം, ലോജിസ്റ്റിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ മുംതലകാത്ത് നിക്ഷേപം നടത്തുന്നുണ്ട്.
മനാമ: വേഗപ്പോരിന്റെ മാമാങ്കം നേരിട്ടുകാണാനെത്തിയത് 1,05,000 പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മികച്ച ജനപിന്തുണയാണ് ബഹ്റൈൻ ഗ്രാൻഡ് പ്രീക്ക് ലഭിച്ചത്. അവസാന ദിവസം മാത്രം സർക്യൂട്ടിലെത്തിയത് 37700 പേരാണ്. ദക്ഷിണ കൊറിയ, തുർക്കി, ഇന്ത്യ, ഫിലിപ്പീൻസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിൽനിന്നടക്കം 12,000 വിദേശികൾ ഗ്രാൻഡ് പ്രീക്ക് മാത്രമായി ബഹ്റൈനിലെത്തിയതായതാണ് കണക്കുകൾ.
എല്ലാ വർഷവും ഇവന്റിന് ലഭിക്കുന്ന പിന്തുണ വർധിച്ചുവരുന്നു. ഇത് മോട്ടോർസ്പോർട്ടിന്റെ അവിശ്വസനീയമായ ജനപ്രീതിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബി.ഐ.സി ചെയർമാൻ ആരിഫ് റഹിമി പറഞ്ഞു. ഫോർമുല വണ്ണിന്റെയും എഫ്.ഐ.എയുടെയും പിന്തുണയില്ലാതെ ഇത്രയും മികച്ച രീതിയിൽ ഗ്രാൻഡ് പ്രീ നടത്താൻ സാധിക്കില്ലായെന്നും അവരുടെ പിന്തുണക്ക് നന്ദി അറിയിക്കുന്നതായും ആരിഫ് റഹിമി പറഞ്ഞു.
ട്രാക്കിനകത്തെ പോരാട്ടത്തോടൊപ്പം മികച്ചുനിന്ന പുറത്തെ വിനോദ പരിപാടികളും ഗ്രാൻഡ് പ്രീയുടെ ആകർഷണം വർധിപ്പിച്ചതായും സന്ദർശകർക്ക് അത് മികച്ച അനുഭവം സമ്മാനിച്ചതായും വിലയിരുത്തുന്നുണ്ട്.
ലോകത്തെ പ്രശസ്ത സംഗീതജ്ഞരുടേതടക്കമുള്ള സംഗീതനിശകളും വേദികളെ മനോഹരമാക്കിയിരുന്നു.
മനാമ: ബഹ്റൈൻ ഗ്രാൻഡ് പ്രീ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റമാണുണ്ടാക്കിയതെന്ന് എം.പി ഡോ. മറിയം അൽ ദഈൻ പറഞ്ഞു. കേവലം ഒരു കായിക വിനോദത്തേക്കാളുപരി രാജ്യത്തെ ടൂറിസം മേഖലക്ക് വലിയ നേട്ടമാണ് ഗ്രാൻഡ് പ്രീ നൽകുന്നതെന്നും, അന്താരാഷ്ട്രതലത്തിൽ വരെ ബഹ്റൈനെ അടയാളപ്പെടുത്താൻ ഇത് കാരണമാകുന്നുണ്ടെന്നും അവർ പറഞ്ഞു.
ഓസ്കാർ പിയസ്ട്രി കിരീടവുമായി
ഒരോ വർഷവും ഇവന്റ് വളർന്നു കൊണ്ടിരിക്കയാണ്. ഇത് പ്രധാന ബ്രാൻഡുകളെയടക്കം രാജ്യത്തേക്ക് ആകർഷിക്കുന്നതായും ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ പിന്തുണക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ഹോട്ടൽ ബുക്കിങ്ങുകളിലും വലിയ മുന്നേറ്റമാണ് ഈ സാഹചര്യത്തിലുണ്ടായത്. കൂടാതെ ഷോപ്പിങ് സെന്ററുകൾ, മാളുകൾ, റസ്റ്റാറന്റുകൾ, കഫേകൾ എന്നിവടങ്ങളിലേക്കും സന്ദർശകരെ ആകർഷിച്ചിട്ടുണ്ട്.
അഭിനന്ദനങ്ങൾ കൈമാറി ഹമദ് രാജാവും കിരീടാവകാശിയും
മനാമ: 21ാം എഡിഷൻ ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീയുടെ വിജയത്തിൽ പരസ്പരം അഭിനന്ദനങ്ങൾ കൈമാറി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും.
ഈ വർഷത്തെ ഇവന്റിന്റെ വിജയത്തിന്റെ പ്രധാന കാരണം ഹമദ് രാജാവിന്റെ നേതൃത്വവും വീക്ഷണവുമാണെന്ന് കിരീടാവകാശി പറഞ്ഞു. ഇവന്റ് മോട്ടോസ്പോട്ട് ശൃംഖലയിൽ ലോകതലത്തിൽതന്നെ ബഹ്റൈന് ഒരു സ്ഥാനം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാൻഡ് പ്രീയുടെ വിജയത്തിനായുള്ള കിരീടാവകാശിയുടെ പ്രയത്നങ്ങളും സംഘാടന മികവും എടുത്തുപറഞ്ഞ ഹമദ് രാജാവ് ബഹ്റൈന്റെ നേട്ടങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ നിരന്തര ശ്രമങ്ങളെയും പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.