മനാമ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. അബൂദബിയിലെ തന്റെ താമസസ്ഥലത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. ഇരു രാഷ്ട്രങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ സാഹോദര്യബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുന്നതിന്റെ സൂചനകളെ സംബന്ധിച്ച് ഇരുവരും ചർച്ചചെയ്തു.
യു.എ.ഇ പ്രസിഡന്റിന്റെ പ്രതിനിധിയായിരുന്ന ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ ഹമദ് രാജാവ് അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.
അദ്ദേഹത്തിന്റെ പരലോകമോക്ഷത്തിനായി പ്രാർഥിക്കുകയും അദ്ദേഹത്തിന്റെ വേർപാടിൽ പ്രയാസമനുഭവിക്കുന്ന കുടുംബത്തിന് ക്ഷമയും സഹനവും പ്രദാനംചെയ്യട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഹമദ് രാജാവിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർഥിച്ച യു.എ.ഇ പ്രസിഡന്റ് ബഹ്റൈൻ ജനതക്ക് ക്ഷേമവും സന്തോഷവും ആശംസിച്ചു.
കൂടിക്കാഴ്ചയിൽ യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, യുവജന, കായികകാര്യ സുപ്രീം കൗൺസിൽ ഒന്നാം ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരെ കൂടാതെ ഉയർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. യു.എ.ഇ പ്രസിഡന്റിനോടൊപ്പം ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.