മനാമ: മനുഷ്യക്കടത്ത് കേസിൽ രണ്ട് പ്രതികൾക്ക് 10 വർഷം തടവും 2000 ദിനാർ വീതം പിഴയും ശിക്ഷ വിധിച്ചു. ഒന്നാം ഹൈ ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
ഇരയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാനുള്ള ചെലവുകൾ പ്രതികൾ വഹിക്കണമെന്നും ശിക്ഷാ കാലാവധിക്കുശേഷം ഇരുവരെയും സ്ഥിരമായി നാടുകടത്താനും കോടതി നിർദേശിച്ചു.
സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രതികൾ ഇരയുമായി ബന്ധപ്പെട്ടത്. സ്പോൺസറുടെ വീട് വിട്ട് മനാമയിലെ അപ്പാർട്ട്മെൻറിലേക്ക് എത്താൻ യുവതിയെ പ്രേരിപ്പിക്കുകയും ചെയ്തു.
ഇതനുസരിച്ച് അപ്പാർട്ട്മെൻറിൽ എത്തിയ യുവതിയുടെ മൊബൈൽ ഫോൺ പ്രതികൾ പിടിച്ചെടുക്കുകയും തടവിലാക്കുകയും ചെയ്തു. തുടർന്ന്, ഒന്നാം പ്രതി രണ്ടാം പ്രതിയിൽനിന്ന് പണം വാങ്ങി യുവതിയെ കൈമാറി. വേശ്യാവൃത്തിയിൽ ഏർപ്പെടാൻ ഇയാൾ യുവതിയെ നിർബന്ധിക്കുകയായിരുന്നു. ഇതിനിടെ, പൊലീസുമായി ബന്ധപ്പെടാൻ സാധിച്ച യുവതി വിവരം അറിയിച്ചു. പൊലീസ് താമസസ്ഥലത്ത് എത്തി യുവതിയെ തടങ്കലിൽനിന്ന് മോചിപ്പിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതായി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു. ഇരയുടെ മൊഴി രേഖപ്പെടുത്തുകയും അഭയ കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.