മനാമ: ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ നിരവധി ഇന്ത്യന്‍ പൗരന്മാര് പങ്കെടുത്തു. മുപ്പതോളം പരാതികൾ ഉന്നയിക്കപ്പെട്ടു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് മൗനമാചരിച്ചതിനു ശേഷമാണ് ഓപൺ ഹൗസ് ആരംഭിച്ചത്.
ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് 30 ഇന്ത്യൻ തടവുകാർക്ക് പൊതുമാപ്പ് നൽകിയ ഹമദ് രാജാവിനും പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും അംബാസഡർ നന്ദി അറിയിച്ചു. 2024ൽ രാജകീയ മാപ്പു ലഭിച്ച ഇന്ത്യക്കാരുടെ ആകെ എണ്ണം 160 ആണ്. 28 ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ശിക്ഷ ആറു മാസത്തിൽനിന്ന് മൂന്നുമാസമായി കുറച്ചതിനുശേഷം അവരെ തിരിച്ചയക്കുകയുണ്ടായി.
ശേഷിക്കുന്ന മൂന്ന് മത്സ്യത്തൊഴിലാളികളെ ഉടനെ നാട്ടിലെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതില്‍ ബഹ്റൈന്‍ സര്‍ക്കാറിന്റെയും ഭരണാധികാരികളുടെയും തുടര്‍ച്ചയായ പിന്തുണക്കും സഹകരണത്തിനും അംബാസഡർ നന്ദി പറഞ്ഞു.
എംബസിയുടെ എംപാനൽ ചെയ്ത അഭിഭാഷക ബുഷ്റ മയൂഫിന്റെ സഹായത്തിനും നന്ദി അറിയിച്ചു. 30 വർഷത്തിലേറെയായി ഒറ്റപ്പെട്ടുപോയ ഒരു ഇന്ത്യൻ പൗരന്റെ കേസ് തീർപ്പാക്കി അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ സാധിച്ചു. ഓപണ്‍ ഹൗസില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതികളും പ്രശ്നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടു. മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.