മനാമ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്‌സ് 20 വർഷം പൂർത്തിയാക്കുന്നതോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2003-ൽ സ്ഥാപിതമായ, സ്ഥാപനം ബഹ്റൈനിലെ വിദ്യാർഥികൾക്ക് പ്രശസ്ത സംഗീതജ്ഞൻ അമ്പിളിക്കുട്ടന്റെ നേതൃത്വത്തിൽ ഉയർന്ന നിലവാരമുള്ള സംഗീത-കലാ വിദ്യാഭ്യാസം നൽകിക്കൊണ്ടിരിക്കുകയാണ്. ബഹ്‌റൈനിലെ പ്രശസ്ത സംഗീതജ്ഞനായ മേജർ ജനറൽ ഡോ. മുബാറക് നജെമിന്റെ മാർഗ്ഗനിർദ്ദേശങ്ങളും സ്ഥാപനത്തിന് ലഭിക്കുന്നുണ്ട്. 20 ാം വർഷത്തിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ക്ലാസ്സുകൾ ആരംഭിക്കും.
ബഹ്‌റൈൻ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഈസ ടൗണിൽ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. മിരായ അക്കാദമിയുമായി സഹകരിച്ച് ജുഫൈറിലും യോമൈ അക്കാദമിയുടെ സഹകരണത്തോടെ ഹൂറയിലും പുതിയ ക്ലാസ്സുകൾ ഉടനെ തുടങ്ങും. പ്രാദേശിക ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് സൗദിയിലും ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനൊരുങ്ങുകയാണെന്ന് മാനേജിംഗ് ഡയറക്ടറും പ്രിൻസിപ്പാളുമായ അമ്പിളിക്കുട്ടൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഐ.ഐ.പി.എ ഡയറക്ടറായി എൻ.വി. മോഹൻദാസ് ചുമതലയേറ്റത് സ്ഥാപനത്തിന്റെ വളർച്ചക്ക് സഹായകരമാണ്. 20 ാംവാർഷികാഘോഷത്തിന്റെ ഭാഗമായി 2024 ജനുവരിയിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് വാർഷിക ഗ്രാൻഡ് ഫിനാലെ നടക്കും.ശുദ്ധമായ പരമ്പരാഗത പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിട്ടയായ ക്ലാസുകളിലൂടെ സമ്പന്നമായ ഇന്ത്യൻ സംഗീതത്തിന്റെയും കലയുടെയും തിളക്കം നിലനിർത്താനാണ് സ്ഥാപനം ഉദ്ദേശിക്കുന്നത്. എല്ലാ ക്ലാസുകളും കൈകാര്യം ചെയ്യുന്നത് ഉയർന്ന യോഗ്യതയും പ്രതിബദ്ധതയുമുള്ള അധ്യാപകരാണ്.
നിലവിൽ വോക്കൽ മ്യൂസിക്, വയലിൻ, കീബോർഡ്, ഗിറ്റാർ, പിയാനോ, ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, കഥക്, ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ്,കൺടെംപററി ആർട്സ്, തിയേറ്റർ ആർട്ട്സ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളുണ്ട്. ഇതുകൂടാതെ ചെസ്സ്, സിനിമാറ്റിക് ഡാൻസ്, സംയോഗ് തുടങ്ങിയവയും കോഴ്സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ കലാകാരൻമാരുടെ പരിപാടികൾ വരുംകാലങ്ങളിലും ആസൂത്രണം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.