മനാമ: ഇന്ത്യൻ സ്കൂൾ യുവജനോത്സവം ‘തരംഗ് 2023’ന്റെ സ്റ്റേജ് മത്സരങ്ങൾ വ്യാഴാഴ്ച സ്കൂളിലെ ഇസ ടൗൺ കാമ്പസിൽ ആരംഭിക്കും. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ മുഖ്യാതിഥിയായിരിക്കും. ജഷന്മാൾ ഓഡിറ്റോറിയത്തിൽ പുതിയ എൽ.ഇ.ഡി സ്റ്റേജ് സ്ക്രീൻ ഡിസ്പ്ലേ അദ്ദേഹം ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകീട്ട് 6.30നു നടക്കുന്ന ഉദ്ഘാടന പരിപാടികൾക്കുശേഷം വിദ്യാർഥികളുടെ നാടോടിനൃത്തം, സംഘഗാനം, മൈം മത്സരങ്ങൾ നടക്കും.
120 ഇനങ്ങളിലായി 4000ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സെപ്റ്റംബർ 23,24,25,26 തീയതികളിൽ സ്റ്റേജ് പരിപാടികൾ തുടരും. ഗ്രാൻഡ് ഫിനാലേ പിന്നീട് നടക്കും. കലാശ്രീ, കലാപ്രതിഭ അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലേയിൽ സമ്മാനിക്കും.
രണ്ടാഴ്ചയായി സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുത്തുവരുകയായിരുന്നു. ഇസ ടൗൺ കാമ്പസിലെ മുഴുവൻ വിദ്യാർഥികളും ഉപന്യാസരചന മത്സരത്തിൽ പങ്കെടുത്തു.
ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി. ബോസ്, സി.വി. രാമൻ എന്നിങ്ങനെ വിദ്യാർഥികളെ വിവിധ ഹൗസുകളായി തിരിച്ചാണ് മത്സരങ്ങൾ. സ്റ്റേജ്, സ്റ്റേജിതര ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന വിദ്യാർഥികൾ കലാശ്രീ, കലാപ്രതിഭ അവാർഡുകൾക്ക് അർഹരാകും. ഫല പ്രഖ്യാപനങ്ങൾക്കായി പ്രത്യേക സോഫ്റ്റ്വെയർ തയാറാക്കിയിട്ടുണ്ട്.
800ഓളം ട്രോഫികളാണ് യുവജനോത്സവ പ്രതിഭകളെ കാത്തിരിക്കുന്നത്. വിദ്യാർഥികൾക്കിടയിൽ ആരോഗ്യകരമായ മത്സരം സുഗമമാക്കുന്നതിനും അവരുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച കഴിവുകൾ പുറത്തെടുക്കുന്നതിനുമാണ് യുവജനോത്സവം നടത്തുന്നതെന്ന് സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. പൊതുവേദിയിൽ സാംസ്കാരിക വൈദഗ്ധ്യം പ്രകടമാക്കി യുവജനങ്ങൾക്കിടയിൽ സൗഹാർദ മനോഭാവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് യുവജനോത്സവം ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു. അടുത്തിടെ സമാപിച്ച സ്റ്റേജിതര മത്സരങ്ങളിൽ വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.