മനാമ: ബൈബ്ൾ പൂർണമായും വായിച്ചുതീർക്കണമെങ്കിൽ ചിലപ്പോൾ മാസങ്ങളെടുക്കും. അപ്പോൾ, ബൈബ്ൾ കൈകൊണ്ട് പകർത്തിയെഴുതണമെങ്കിലോ? തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ സ്വദേശിനിയും ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ ലാബ് അസിസ്റ്റൻറുമായ ജോയ് സത്യസെൽവന് ഇതിന് ഉത്തരമുണ്ട്; 303 ദിവസം. കാരണം, ഇത്രയും ദിവസം എടുത്ത് ബൈബ്ൾ കൈയെഴുത്തുപ്രതി തയാറാക്കിയതിെൻറ സന്തോഷത്തിലാണ് ജോയ്.
കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായതാണ് ഇൗ ഉദ്യമത്തിന് ഇവരെ പ്രേരിപ്പിച്ചത്. എന്നും ബൈബ്ൾ വായിക്കുന്ന ശീലമുള്ള ജോയ് വിശുദ്ധ ഗ്രന്ഥംകൊണ്ട് പകർത്തി എഴുതാൻ തീരുമാനിക്കുകയായിരുന്നു. 2020 ആഗസ്റ്റിലാണ് എഴുത്ത് ആരംഭിച്ചത്. മിക്ക ദിവസങ്ങളിലും രണ്ടു മണിക്കൂർ എങ്കിലും എഴുത്തിനായി മാറ്റി വെെച്ചന്ന് ജോയ് സത്യസെൽവൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. മൂന്നു മണിക്കൂറും അഞ്ചു മണിക്കൂറും ചെലവഴിച്ച ദിവസങ്ങളുമുണ്ട്.
ഇത്രയും ബൃഹത്തായ ഒരു ഗ്രന്ഥം എഴുതിത്തീർക്കാൻ കഴിയുമോ എന്ന് ഇടക്ക് സംശയിച്ചു. അപ്പോഴൊക്കെ ഭർത്താവ് സത്യസെൽവൻ പ്രോത്സാഹനം കൊടുത്ത് എഴുത്ത് പൂർത്തിയാക്കാൻ സഹായിച്ചു. ഒരുമാസം മുമ്പാണ് എഴുത്ത് പൂർത്തിയായത്. ബൈബിളിലെ 73 പുസ്തകങ്ങളും പകർത്തി എഴുതി.
ഹിദ്ദിലെ ഒരു സ്റ്റേഷനറി കടയിൽനിന്നാണ് പുസ്തകത്തിെൻറ ബൈൻഡിങ് ചെയ്യിച്ചത്. വീട്ടുകാരുടെ പിന്തുണയും ദൈവകൃപയുമാണ് പൂർണമായി എഴുതിത്തീർക്കാൻ സഹായിച്ചതെന്ന് ജോയ് പറഞ്ഞു. മലയാളം ബൈബിളിൽ നിർത്താൻ ജോയ് ഉദ്ദേശിക്കുന്നില്ല. ഇംഗ്ലീഷ് ബൈബ്ൾ കൈകൊണ്ട് എഴുതുന്ന ജോലി ഇതിനകം തുടങ്ങിക്കഴിഞ്ഞു. അതുകഴിഞ്ഞ് ഹിന്ദി, തമിഴ് ബൈബിളുകളുടെ കൈയെഴുത്ത് പ്രതി തയാറാക്കണമെന്നാണ് ആഗ്രഹം.
ഭർത്താവ് സത്യസെൽവൻ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ബഹ്റൈനിൽ ബിരുദപഠനം നടത്തുന്ന െബ്ലസിൻ ജോയ്, നാട്ടിൽ ബിരുദപഠനം പൂർത്തിയാക്കിയ െബ്ലസി ജോയ് എന്നിവരാണ് മക്കൾ. പ്ലസ് ടു വരെ ഇന്ത്യൻ സ്കൂളിൽ പഠിച്ച െബ്ലസി 2018ൽ സ്കൂൾ ടോപ്പറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.