മനാമ: പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. സർക്കാർ ഈ നിർദേശത്തെ എതിർത്തിരുന്നെങ്കിലും പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു. ഒരു പ്രവാസി വ്യക്തി ഓരോ തവണയും അയക്കുന്ന തുകക്ക് രണ്ടു ശതമാനം ലെവി ചുമത്താനാണ് നീക്കം.
പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാർ അഭിപ്രായപ്പെട്ടിരുന്നത്. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ലെവിയെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.പണ കൈമാറ്റ സ്വാതന്ത്ര്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും ഉടമ്പടികളിലും ഒപ്പുവെച്ചിട്ടുണ്ട്. അത് ലംഘിക്കാനാവില്ലെന്നും സർക്കാർ എം.പിമാർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. നികുതി നീക്കം സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും സാമ്പത്തിക, വാണിജ്യ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. നികുതി നിയമവിരുദ്ധമായ ട്രാൻസ്ഫർ ചാനലുകളുടെ ആവിർഭാവത്തിന് കാരണമാകും.
നികുതികൾ തൊഴിലാളികൾ അടക്കാതിരിക്കുകയും സ്പോൺസർമാർ അടക്കാൻ നിർബന്ധിതരാവുകയും ചെയ്യുമെന്നും ഇത് ബിസിനസുകാരുടെ സാമ്പത്തിക ഭാരം കൂട്ടുമെന്നും സർക്കാർ കൂട്ടിച്ചേർത്തു. ബഹ്റൈനിലെ കമ്പനികളിലും ബാങ്കുകളിലും നേതൃസ്ഥാനത്തുള്ള പ്രവാസികൾ മറ്റ് രാജ്യങ്ങളിലേക്ക് ചുവടുമാറാൻ ഇതിടയാക്കുമെന്നും സർക്കാർ വിലയിരുത്തിയിരുന്നു. ബഹ്റൈൻ ചേംബറും ബഹ്റൈൻ ബിസിനസ് മെൻ അസോസിയേഷനും ശിപാർശയെ എതിർക്കുകയാണ്.
മനാമ: പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി, നിലവിലുള്ള അഞ്ച് വർഷമെന്നതിൽനിന്ന് വെട്ടിക്കുറച്ച് റസിഡൻസ് പെർമിറ്റ് (ആർ.പി) കാലാവധിക്കൊപ്പമാക്കണമെന്ന നിർദേശം പാർലമെന്റ് അംഗീകരിച്ചു. 2014ലെ ട്രാഫിക് നിയമം ഭേദഗതി ചെയ്യണമെന്ന നിർദേശമാണ് അഞ്ച് എം.പിമാർ അവതരിപ്പിച്ചത്. വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്ന പ്രവാസികൾ അനധികൃത ടാക്സികൾ ഓടിക്കുന്നതുൾപ്പെടെയുള്ള അനധികൃത ജോലികളിൽ ഏർപ്പെടുന്നത് തടയാൻ ഈ നടപടി സഹായിക്കുമെന്നാണ് എം.പിമാർ ചൂണ്ടിക്കാട്ടുന്നത്. ഈ നടപടി രാജ്യത്തെ ഗതാഗതക്കുരുക്ക് കുറക്കുമെന്നും പാർലമെന്റ് അംഗങ്ങൾ പറഞ്ഞു. നിലവിൽ സ്വദേശികൾക്കും പ്രവാസികൾക്കും അഞ്ച് വർഷത്തെ ഡ്രൈവിങ് ലൈസൻസാണ് നൽകുന്നത്. അതേസമയം ആഭ്യന്തര മന്ത്രാലയം ഈ നിർദേശത്തിനെതിരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.