മനാമ: ഓൾഡ് മനാമ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തീ അണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. തീപിടിത്തത്തിൽ പരിക്കേറ്റ ആറു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. തീ പിടിച്ച കെട്ടിടത്തിൽനിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരുമാണ് ചികിത്സയിലുള്ളത്.
തീ പിടിച്ച കെട്ടിടങ്ങളുടെ മുകളിലത്തെ നിലയിൽ ആഫ്രിക്കൻ വംശജരാണ് താമസിച്ചിരുന്നതെന്ന് പരിസരവാസികൾ പറയുന്നു. ശൈഖ് അബ്ദുല്ല റോഡിലെ സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള ഷോപ്പിനാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച് തീപിടിത്തമുണ്ടായത്. തീ അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. വസ്ത്രഷോപ്പുകളും ചെരിപ്പുകടകളും പെർഫ്യും ഷോപ്പുകളുമടക്കം നിരവധി സ്ഥാപനങ്ങളാണ് സൂഖിൽ അടുത്തടുത്തായി പ്രവർത്തിക്കുന്നത്. പല കടകളും പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി തീയണക്കാനുള്ള തീവ്ര ശ്രമം നടത്തുകയായിരുന്നു. പുലർച്ചയോടെയാണ് തീ പൂർണമായും അണക്കാൻ സാധിച്ചത്. സിവിൽ ഡിഫൻസും പൊലീസ് അധികൃതരും സമീപപ്രദേശങ്ങളിലുള്ള ആളുകളെ ഒഴിപ്പിക്കുകയും റോഡുകൾ േബ്ലാക്ക് ചെയ്യുകയും ചെയ്തു. തീപിടുത്തത്തിന്റെ കാരണം അന്വേഷണത്തിനുശേഷമേ കണ്ടെത്താനാകൂ. കനത്ത നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.