ബാല്യകാല സ്മരണകളുടെ നിനവാർന്ന ഓർമകളിൽ ഒപ്പനപ്പാട്ടിന്റെ ഈരടികൾ എപ്പോഴുമുണ്ട്. ഒപ്പനയും ഞാനും തമ്മിൽ മാനസികമായി ഇത്രയും അടുപ്പം ഉണ്ടോ എന്ന് എനിക്കറിയില്ല. വിദൂരതയിൽനിന്ന് കേൾക്കുന്ന ഏതോ ഒപ്പനപ്പാട്ടിന്റെ ഈരടികൾ മനസ്സിൽ ഇന്നും ചലനം ഉണ്ടാക്കുന്നുവെങ്കിൽ ഒരു ആത്മബന്ധം ഞാനും ഒപ്പനയും തമ്മിലുണ്ടെന്ന് വേണം കരുതാൻ. നാലാം ക്ലാസ് മുതലാണ് ഒപ്പനയിലേക്ക് ഞാൻ എത്തിപ്പെടുന്നത്. അതിന് നിമിത്തമായത് അന്നത്തെ പ്രിയപ്പെട്ട ക്ലാസ് ടീച്ചർ ഫാത്തിമയായിരുന്നു. ടീച്ചർ എന്നെ പലപ്പോഴും ഒപ്പനക്ക് എടുത്തുകൊണ്ടാണ് പോയിരുന്നത്. ഒപ്പന പഠിപ്പിച്ചുതന്നിരുന്നത് റസിയ ടീച്ചർ ആയിരുന്നു. ഒഴിവു ദിവസങ്ങളിൽ സ്കൂളിനടുത്തുള്ള റസിയ ടീച്ചറുടെ വീട്ടിലായിരുന്നു ഒപ്പനയുടെ പരിശീലനം. റസിയ ടീച്ചറുടെ വീട്ടിൽ കുടുംബാംഗങ്ങളെ പോലെയായിരുന്നു ഞങ്ങളെല്ലാം. ആ വീട്ടിൽ എനിക്ക് പേടിയുള്ള ഒരാൾ ഉണ്ടായിരുന്നു. അത് ടീച്ചറുടെ ഭർത്താവ് ഹൈദരാലി മാഷായിരുന്നു. ആദ്യമൊക്കെ പേടിയായിരുന്നെങ്കിലും പിന്നീട് സ്നേഹംകൊണ്ടുള്ള ബഹുമാനമായി മാറി.
ഒന്നാം ക്ലാസിൽ നിന്നും കരഞ്ഞ് ഓടിപ്പോയ എന്നെ ‘ക്ലാസിൽപോയി ഇരിക്കെടീ’ എന്നുപറഞ്ഞ് ഒച്ചയെടുത്ത് ഇരുത്തിയത് ഹൈദരാലി മാഷായിരുന്നു. അതുകേട്ട് പേടിച്ചു. പിന്നെ അന്ന് ക്ലാസ് കഴിഞ്ഞും വീട്ടിൽപോകാതെ അവിടെ ഇരുന്നു. ഒപ്പനയെ കുറിച്ചാണ് പറഞ്ഞുവന്നത്. അങ്ങനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ സബ് ജില്ല-റവന്യു ജില്ല കലോത്സവങ്ങളിലൊക്കെ ഞങ്ങളുടെ ടീം മത്സരിച്ചിരുന്നു. ഒരു ഓർക്കസ്ട്രയുടെയും സഹായമില്ലാതെ കൂട്ടുകാർ പാട്ടുപടിയാണ് അന്നൊക്കെ ഒപ്പന കളിച്ചിരുന്നത്. ജില്ല തലത്തിൽ പോയപ്പോൾ തട്ടത്തിന്റെ പ്രശ്നം പറഞ്ഞു ഗ്രേഡ് കുറഞ്ഞത് വിഷമമായതും ഓർക്കുന്നു.പിന്നീട് ഒപ്പന കളിക്കുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. അന്നത്തെ സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സമ്മാനവും കിട്ടി. ഒപ്പനക്കായി അന്ന് വണ്ടിയിൽ പോകുമ്പോഴുള്ള പാട്ടും കളിയും ചിരിയും ഇന്നും മധുരമുള്ള ഓർമയാണ്. വാപ്പിച്ചിയുടെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിനും സഹപാഠി ബബിതയുടെ കുഞ്ഞുമ്മയുടെ കല്യാണത്തിനുമൊക്കെ ഒപ്പന കളിച്ചിട്ടുണ്ട്. അന്നത്തെ പ്രാക്ടിസ് ഒക്കെ ശരിക്കും ഒരുപാട് സന്തോഷം നൽകിയിട്ടുണ്ട്. കൂട്ടുകാരുമൊത്ത് കൂട്ടുകാരികളുടെ വീട്ടിൽ നടത്തുന്ന പരിശീലനങ്ങൾ. ഒപ്പനക്കാലത്തിന്റെ എത്രയെത്ര ഓർമകൾ. അതൊക്കെ ഓർക്കുമ്പോൾ ഇനി അങ്ങനെയൊന്നുമില്ലല്ലോ എന്ന വിഷമം തോന്നും. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലതല കലോത്സവത്തിൽ ഒപ്പന നന്നായി കളിച്ചിട്ടും ഓർക്കസ്ട്ര ഇല്ലാതിരുന്നതിന്റെ പേരിൽ പോയൻറ് നഷ്ടമായതും ഓർക്കുന്നു. മറ്റുള്ള സ്കൂളുകളിൽനിന്നൊക്കെ ഓർക്കസ്ട്രയുമായി വന്നപ്പോൾ ഞങ്ങൾക്ക് മാത്രം അതൊന്നും ഇല്ലാതെ മത്സരിക്കേണ്ടിവന്നു. അന്നത് ഒരുപാട് വിഷമം ഉണ്ടാക്കി. അന്ന് ഓർക്കസ്ട്ര വേണമെന്നൊക്കെ സ്കൂളിൽ ആവശ്യപ്പെടാനുള്ള ധൈര്യം ഞങ്ങൾക്ക് ഉണ്ടായില്ല. സ്കൂൾ കാലഘട്ടത്തിലെ എന്റെ ഒപ്പന അങ്ങനെ അവസാനിച്ചു. ഓർമയുടെ മണിച്ചെപ്പിൽ എന്നെന്നും ആ ഒപ്പനക്കാലം സൂക്ഷിക്കുന്നു, ഒപ്പം ഒപ്പനപ്പാട്ടിന്റെ മനോഹരമായ താളവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.