ജൂൺ 18ന് ഏഷ്യൻ സ്കൂൾ എ.പി.ജെ. അബ്ദുൽ കലാം ഓഡിറ്റോറിയത്തിൽ ‘മധുമയമായ് പാടാം’
മനാമ: ആസ്വാദകകർണങ്ങളിലേക്ക് ഗാനാമൃതം ഒഴുക്കിയ ഇരുപതിനായിരത്തിൽപ്പരം ഗാനങ്ങൾ. നാൽപതുവർഷമായി മലയാള ചലച്ചിത്രഗാനരംഗത്ത് നിറഞ്ഞുനിൽക്കുന്ന എം.ജി. ശ്രീകുമാർ ബഹ്റൈനിലെത്തുകയാണ്. ഗൾഫ് മാധ്യമം 25ാം വാർഷികത്തോടനുബന്ധിച്ചാണ്, ജൂൺ 18 ന് ഏഷ്യൻ സ്കൂൾ എ.പി.ജെ. അബ്ദുൽ കലാം ഓഡിറ്റോറിയത്തിൽ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മധുമയമായ് പാടാം’ മെഗാ സംഗീത പരിപാടി. എം.ജി ചലച്ചിത്രഗാനരംഗത്തെത്തിയതിന്റെ നാല് സുന്ദരദശകങ്ങളുടെ ആഘോഷം കൂടിയാകും ‘മധുമയമായ് പാടാം’. 1983ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലിയിലെ ‘വെള്ളിക്കൊലുസോടെ കളിയാടും അഴകേ...’ എന്ന വരികൾ പാടിയാണ് എം.ജി ചലച്ചിത്രഗാനരംഗത്ത് കടന്നുവന്നത്.
പിന്നീടിങ്ങോട്ട് മലയാളികളെ വ്യത്യസ്തമായ ആലാപന ഭംഗികൊണ്ട് ത്രസിപ്പിച്ച ആയിരക്കണക്കിന് മധുര ഗാനങ്ങൾ. പുതുമഴയായ് പൊഴിയാം... മധുമയമായ് ഞാൻ പാടാം, കണ്ണീർ പൂവിന്റെ കവിളിൽ തലോടി, നാദരൂപിണീ... തുടങ്ങിയ ഗാനങ്ങൾ, സൂപ്പർ ഹിറ്റുകൾ എന്നതിലുപരി മലയാളികളുടെ ഗൃഹാതുരതകൾക്കും നഷ്ടപ്രണയങ്ങൾക്കും പ്രതിഫലനമായി. പൊൻ വീണേ, എന്നുള്ളിൽ മൗനം വാങ്ങൂ, പൊൻമുരളിയൂതും കാറ്റിൽ, പാടം പൂത്ത കാലം, ഈറൻ മേഘം, കണ്ടാൽ ചിരിക്കാത്ത, പൂവായ് വിരിഞ്ഞു, മന്ദാര ചെപ്പുണ്ടോ, കണ്ണീർക്കായലിലേതോ, ഒരായിരം കിനാക്കളാൽ, കുഞ്ഞിക്കിളിയേ കൂടെവിടെ, നീർപ്പളുങ്കുകൾ ചിതറിവീഴുമീ, കസ്തൂരി എന്റെ കസ്തൂരി, അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ.. അങ്ങനെ എത്രയെത്ര പാട്ടുകൾ.
ചുരുക്കിപ്പറഞ്ഞാൽ മലയാളി എം.ജി. ശ്രീകുമാറിന്റെ ഒരു പാട്ടെങ്കിലും മൂളാത്ത ഒരു ദിവസവുമുണ്ടാകില്ല. അത്രയുണ്ട് ഹിറ്റ് പാട്ടുകളുടെ നിര. എം.ജിയോടൊപ്പം മധുമയമായ് പാടാൻ വൻ താരനിരയാണ് പവിഴദ്വീപിൽ എത്തുന്നത്.
വേറിട്ട ആലാപന ശൈലികൊണ്ട് യുവാക്കളുടെ ഹരമായി മാറിയ വിധു പ്രതാപ്, ‘നീ ഹിമമഴയായ്....’ അടക്കം പുതുപുത്തൻ ഗാനങ്ങളിലൂടെ മലയാള സംഗീതരംഗത്തെ വിസ്മയമായി മാറിയ നിത്യ മാമ്മൻ, അവതരണ മികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേഷ്, റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ ലിബിൻ സക്കറിയ, അസ്ലം അബ്ദുൽ മജീദ്, ശിഖ പ്രഭാകരൻ, റഹ്മാൻ പത്തനാപുരം തുടങ്ങി നിരവധിപേർ ഈ സംഗീത രാവിൽ ഒത്തുചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.