മനാമ: സൂഖ് അൽ ബറാഹയുടെ യൂത്ത് മാർക്കറ്റ് യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ചാണ് മാർക്കറ്റ് ആരംഭിച്ചത്. ബഹ്റൈൻ ദേശീയ ദിനത്തിന്റെയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ സ്ഥാനാരോഹണം ചെയ്തതിന്റെ 25ാം വാർഷികത്തിന്റെയും ഭാഗമായാണ് മാർക്കറ്റ് സംഘടിപ്പിച്ചത്.
മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി യൂത്ത് മാർക്കറ്റിൽ പര്യടനം നടത്തി. പ്രോജക്ട് ഉടമകളുമായി സംസാരിക്കുകയും അവരുടെ ഉൽപന്നങ്ങളെക്കുറിച്ച് പഠിക്കാനും അവരുടെ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. യുവാക്കൾ നയിക്കുന്ന നൂതന പദ്ധതികൾ പ്രദർശിപ്പിക്കുന്ന യൂത്ത് മാർക്കറ്റ് ബഹ്റൈനിലെ യുവസംരംഭകരുടെ സർഗാത്മകതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി എടുത്തുപറഞ്ഞു.
ആശയങ്ങളെ യാഥാർഥ്യമാക്കി യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത അവർ ഊന്നിപ്പറഞ്ഞു. വിവിധ മേഖലകളിലുടനീളം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. സംരംഭകത്വത്തിൽ യുവജന പങ്കാളിത്തം വർധിപ്പിക്കാനും തൊഴിൽ വിപണിയിലെ വിജയത്തിന് ആവശ്യമായ വൈദഗ്ധ്യം അവർക്ക് നൽകാനും മന്ത്രാലയത്തിന്റെ നിലവിലുള്ള സംരംഭങ്ങൾ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.