മനാമ: കൂടുതൽ വാക്സിനുകൾ ലഭ്യമാക്കി കോവിഡ് പ്രതിരോധത്തിൽ ബഹ്റൈൻ മുൻനിരയിലേക്ക്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ കോവാക്സിെൻറ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതോടെ ബഹ്റൈനിൽ ഉപയോഗിക്കുന്ന വാക്സിനുകളുടെ എണ്ണം അഞ്ചായി.
സിനോഫാം, ഫൈസർ-ബയോൺടെക്, കോവിഷീൽഡ്-ആസ്ട്രസെനക, സ്പുട്നിക് എന്നിവയാണ് ബഹ്റൈനിൽ ഉപയോഗിക്കുന്ന മറ്റ് വാക്സിനുകൾ. ഇതിനു പുറമേയാണ് ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച കോവാക്സിന് അംഗീകാരം നൽകിയിരിക്കുന്നത്.
ഇതോടെ, കോവിഷീൽഡിനു പുറമേ ഇന്ത്യയിൽനിന്നെത്തുന്ന രണ്ടാമത്തെ വാക്സിനാവുകയാണ് കോവാക്സിൻ. 18 വയസ്സിനു മുകളിലുള്ളവർക്കാണ് കോവാക്സിൻ നൽകുന്നത്. ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിെൻറ 50ാം വാർഷികം ആഘോഷിക്കുന്ന വേളയിലെ ഇൗ നേട്ടം ഇന്ത്യക്ക് അഭിമാനകരമാണ്.
വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 11,82,852 പേർ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇവരിൽ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചത് 11,47,441 പേരാണ്. 4,87,063 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു. സ്വീകരിക്കാൻ യോഗ്യരായവരിൽ നല്ലൊരു ശതമാനവും ഇതിനകം വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. മൂന്നു വയസ്സുമുതലുള്ള കുട്ടികൾക്കാണ് ഇപ്പോൾ കൂടുതലായും വാക്സിൻ നൽകുന്നത്.
ഇതിനു പുറമേ, രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് നിശ്ചിത കാലയളവ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതും സജീവമായി പുരോഗമിക്കുകയാണ്.
1. സിനോഫാം വാക്സിൻ
18നും 39നും ഇടയിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം സ്വീകരിക്കാം. സിനോഫാം, ഫൈസർ ബയോൺടെക് എന്നിവയിലൊന്നാണ് ബൂസ്റ്റർ ഡോസായി നൽകുന്നത്. 40നു മുകളിൽ പ്രായമുള്ളവർക്കും 40ന് താഴെ പ്രായമുള്ളവരിൽ അമിതവണ്ണം, പ്രതിരോധശേഷിക്കുറവ്, വിട്ടുമാറാത്ത അസുഖമുള്ളവർ എന്നിവർക്കും രണ്ടാം ഡോസ് കഴിഞ്ഞ് ഒരു മാസത്തിനുശേഷം.
2. ഫൈസർ-ബയോൺടെക്
18 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടാം ഡോസ് കഴിഞ്ഞ് ആറു മാസത്തിനുശേഷം ഇതേ വാക്സിൻതന്നെ ബൂസ്റ്റർ ഡോസായി സ്വീകരിക്കാം.
3. കോവിഷീൽഡ്-ആസ്ട്രസെനക
18 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടാം ഡോസ് കഴിഞ്ഞ് ആറു മാസത്തിനുശേഷം കോവിഷീൽഡ്-ആസ്ട്രസെനക, ഫൈസർ-ബയോൺടെക് എന്നിവയിലൊന്ന് സ്വീകരിക്കാം.
4. സ്പുട്നിക് വി
18 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടാം ഡോസ് കഴിഞ്ഞ് ആറു മാസത്തിനുശേഷം സ്പുട്നിക് വി, ഫൈസർ ബയോൺടെക് എന്നിവയിലൊന്ന് സ്വീകരിക്കാം.
5. രോഗമുക്തി നേടുകയും രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തവർക്ക് കോവിഡ് ബാധിച്ച ദിവസം മുതൽ 12 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.