സ്കൂൾ പാഠപുസ്തകത്തിലെ ‘നിന്റെ ഓർമക്ക്’ എന്ന എഴുത്തുകാരന്റെ ജീവിതാംശം നിറഞ്ഞ കഥയിലൂടെയാണ് എം.ടി എന്ന മഹാനായ എഴുത്തുകാരനെ ആദ്യമായി വായിക്കുന്നത്. കാലത്തിന്റെ കൂടിക്കലർപ്പുകളും ജീവിത സമസ്യകളും എഴുത്തിൽ പകർത്തി വായനാലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ രചനകളും. എഴുതുന്നതെന്തും കവിതയാക്കി മാറ്റുന്ന രചനാ നിപുണത കാലദേശങ്ങൾക്കപ്പുറം എം.ടിയെ വായനക്കാരുടെ സ്വന്തം എഴുത്തുകാരനാക്കി മാറ്റുന്നു.
കൂടല്ലൂർ എന്ന സ്വന്തം ഗ്രാമത്തിൽനിന്നും തന്റെ കുടുംബത്തിൽ നിന്നുമെല്ലാം കഥാപാത്രങ്ങളെ കണ്ടെത്തുകയും അവരെ വായനക്കാർക്കുമുന്നിൽ ചടുലതയോടെ അവതരിപ്പിക്കുകയും ചെയ്യുന്ന രചനാരീതിയായിരുന്നു എം.ടിയുടേത്. കുട്ട്യേടത്തിയും ഭ്രാന്തൻ വേലായുധനും ലീലയുമെല്ലാം നമ്മുടെ വായനാ ലോകത്തെ ജീവിക്കുന്ന കഥാപാത്രങ്ങളായി സ്ഥിരപ്രതിഷ്ഠനേടിയതും അതുകൊണ്ടാണ്.
‘രണ്ടാമൂഴം’ എന്ന ക്ലാസിക് കൃതിയിലാകട്ടെ മഹാഭാരത കഥയിൽനിന്ന് വേറിട്ട് ഭീമന് നായക വേഷം ചാർത്തി നൽകിയ നോവലായിരുന്നു. ഒരിക്കൽ മരണം തന്റെ സമീപത്തെത്തി പിന്മാറിയെന്നും അതിനു ശേഷം എഴുതി പൂർത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നും എം.ടി പറയുന്നു.
എം.ടി കൃതികളിലെ കഥാപാത്രങ്ങളും കഥാപരിസരങ്ങളുമെല്ലാം പലപ്പോഴും അത് വായനക്കെടുക്കുന്നവരുടെ ജീവിതത്തിന്റെ ഉപ്പു രുചികൂടി ഉൾപ്പെട്ടതായി കാണുക പതിവാണ്. അതാകട്ടെ പച്ച മനുഷ്യരുടെ ജീവിതങ്ങളെ അതിഭാവുകത്വത്തിന്റെ കെട്ടുപാടുകളില്ലാതെ നേരിട്ട് വായനക്കാരന്റെ ഉള്ളിലേക്ക് കടത്തിവിടാനുള്ള ഒരു മഹാപ്രതിഭയുടെ കൈവിരുത് ഒന്നുമാത്രമാണ്.മരണ ശേഷവും തന്റെ കൃതികളിലൂടെ ജീവിക്കുന്ന എഴുത്തുകാർ ലോകസാഹിത്യത്തിൽ നമുക്ക് കണ്ടെത്താം.
എന്നാൽ, തൊട്ടതെല്ലാം പൊന്നാക്കുകയും താൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ കാലങ്ങൾക്കുശേഷവും അമരന്മാരായി വായനക്കാരിലൂടെ സഞ്ചരിക്കുകയും കൂടി ചെയ്യുമ്പോഴാണ് ഒരെഴുത്തുകാരൻ പൂർണനാകുന്നതും കാലത്തെ അതിജീവിച്ചവരായി മാറുന്നതും. അത്തരത്തിൽ എം.ടി എന്ന എഴുത്തുകാരൻ വരുംകാലവും നമുക്കിടയിൽ ജീവിക്കുമെന്നുള്ളതാണ് തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.