മുഹറഖ് സമാ ബേ
മനാമ: മുഹറഖ് ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ‘സമാ ബേ’ സന്ദർശകർക്കായി സജ്ജമാകുന്നു. മേഖലയിലെ മികച്ച സമുദ്ര വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കിമാറ്റാനുള്ള ഈ പദ്ധതി മുഹറഖ് ടൂറിസം മേഖലക്ക് ഗുണകരമാകുമെന്ന് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി.
2022-2026 ടൂറിസം നയങ്ങളുടെ പ്രധാന പദ്ധതികളിൽപെട്ടതാണ് കടൽതീരങ്ങളുടെയും സമുദ്ര വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും വികസനം. അതിന്റെ ഭാഗമായാണ് സമാ ബേയും വികസിപ്പിച്ചത്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആനന്ദകരമാക്കാൻ പാകത്തിലാണ് പദ്ധതിയുടെ രൂപകൽപന. പ്രധാനമായും കുടുംബ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒട്ടനവധി പദ്ധതികൾ നവീകരണത്തിന്റെ ഭാഗമായൊരുക്കിയിട്ടുണ്ട്.
ബീച്ച് ടൂറിസം, കായികം, വിനോദ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഉൾപ്പെട്ട സംയോജിത വിനോദ സഞ്ചാര അനുഭവമാണ് പദ്ധതി പ്രദാനം ചെയ്യുന്നത്.
മറാസി ബഹ്റൈൻ, സമാ ബേ എന്നിവ മുഹറഖിന്റെ ടൂറിസം മേഖലക്ക് പുത്തനുണർവേകുന്നതിനോടൊപ്പം രാജ്യത്തിന്റെ സൗന്ദര്യത്തെയും അതിന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തെയും എടുത്തുകാണിക്കുമെന്നും മന്ത്രി പറഞ്ഞു. ദ്വീപ് സമൂഹമെന്ന നിലയിൽ രാജ്യത്തെ സമുദ്ര ടൂറിസം വൈവിധ്യവത്കരിക്കേണ്ടതിന്റെയും വികസിപ്പിക്കണ്ടതിന്റെയും ആവശ്യകത അവർ സൂചിപ്പിച്ചു. ഇത് വിദേശ വിനോദ സഞ്ചാരികളെ ബഹ്റൈനിലേക്ക് ആകർഷിക്കുമെന്നും സാമ്പത്തിക ദർശനം 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായ പദ്ധതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫാമിലി ടൂറിസം വികസിപ്പിക്കേണ്ടതിന്റെയും വൈവിധ്യമാർന്ന കായിക വിനോദ പരിപാടികൾ ഉൾപ്പെടുത്തി പൗരന്മാർക്കും വിനോദ സഞ്ചാരികൾക്കും അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നതിനുമുള്ള മികച്ച പദ്ധതിയായാണ് ‘സമാ ബേ’യെ കാണുന്നതെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) സി.ഇ.ഒ സാറ അഹ്മദ് ബുഹൈജി പറഞ്ഞു. കൂടാതെ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, റസ്റ്റാറന്റുകൾ, വിനോദ സൗകര്യങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുമെന്നും കലാ പരിപാടികൾ, ശിൽപശാലകൾ, പരമ്പരാഗത വിനോദ പരിപാടികൾ, കുട്ടികൾക്കായുള്ള വിനോദ കേന്ദ്രങ്ങൾ എന്നിവ കൂടുതൽ ആകർഷണത്തോടെ സജ്ജീകരിക്കുമെന്നും സാറാ അഹ്മദ് ബുഹൈജി പറഞ്ഞു. 2 കിലോ മീറ്റർ ദൂരത്തിൽ 1 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സമാ ബേ വ്യാപിച്ചുകിടക്കുന്നത്.
ഒരേസമയം 3000ത്തിലധികം സന്ദർശകരെ ഉൾക്കൊള്ളാൻ പ്രദേശിത്തിനാവും. രണ്ട് ഭാഗങ്ങളായാണ് പ്രദേശത്തെ ക്രമീകരിക്കുന്നത്. 1.5 കിലോമീറ്റർ വിസ്തൃതിയിൽ കടകൾ, കിയോസ്കുകൾ, സ്പോർട്സ് സെന്റർ, വാട്ടർ സ്പോർട് സെന്റർ, ഫുഡ് ട്രക്കുകൾ എന്നിവ ഉൾപ്പെടുത്തും. രണ്ടാം ഭാഗം 500 മീറ്ററിലായി ബീച്ചും റസ്റ്റാറന്റുകളുമായാണ് സജ്ജീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.