‘പൊന്നൊളിയിൽ കല്ലറ മിന്നുന്ന’, ഉത്ഥാനത്തിന്റെയും പ്രത്യാശയുടെയും സുന്ദരഗീതങ്ങളുയരുന്ന, ഈസ്റ്റർ തിരുനാളിന്റെ പിറ്റേന്ന് ഫ്രാൻസിസ് പാപ്പ യാത്രയായിരിക്കുന്നു. യുദ്ധങ്ങളും കണ്ണീരുമില്ലാത്ത നിത്യ ശാന്തിയുടെ തീരത്തേക്ക്...സ്വർഗീയ താരകങ്ങളുടെ ലോകത്തേക്ക്! തന്റെ അവസാനത്തെ ഈസ്റ്റർ സന്ദേശത്തിലും ലോകസമാധാനത്തിനും മാനവസഹോദര്യത്തിനും വേണ്ടി സധൈര്യം ആഹ്വാനം ചെയ്തുകൊണ്ടാണ് മനുഷ്യത്വത്തിന്റെ മഹാ ഇടയൻ വിട വാങ്ങിയത്.
“വത്തിക്കാനിൽ മാറ്റങ്ങൾ കൊണ്ടുവരുക എന്നത് സ്ഫിങ്ക്സിന്റെ (Sphinx) വൻ പ്രതിമകൾ ഒരു ടൂത്ത് ബ്രഷ് കൊണ്ട് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനേക്കാൾ പ്രയാസകരമാണ്’’- എന്ന് ഫ്രാൻസിസ് പാപ്പ വളരെ നർമ ബോധത്തോടെ 2017ൽ പറയുകയുണ്ടായി. എങ്കിലും നർമത്തിൽ പൊതിഞ്ഞ ആ വാക്കുകൾക്കപ്പുറം കാലത്തിന്റെ ചുമരെഴുത്തു വായിച്ചുകൊണ്ട് ശക്തവും വിപ്ലവാത്മകവുമായ നടപടികളിലൂടെ സഭക്ക് അകത്തും പുറത്തും മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ ജനകീയനായ ആത്മീയ ആചാര്യനാണ് അദ്ദേഹം. ഫുട്ബാൾ രാജാക്കന്മാരായ മെസ്സിയുടെയും മറഡോണയുടെയും നാടായ അർജന്റീനയിൽ ഒരു പ്രവാസി തൊഴിലാളിയുടെ മകനായി ജനിച്ച ഫ്രാൻസിസ് പാപ്പ കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി ഉറക്കെ ശബ്ദിക്കാൻ ധൈര്യം കാണിച്ച മനുഷ്യ സ്നേഹിയാണ്.
പെസഹ വ്യാഴാഴ്ച വൈദികരുടെ മാത്രം പാദങ്ങൾ കഴുകിയിരുന്ന തന്റെ മുൻഗാമികളായ പാപ്പാമാരിൽനിന്നും വ്യത്യസ്തനായി, പാവങ്ങളായ അഭയാർഥികളുടെയും അന്യ മതസ്ഥരുടെയും ജയിൽവാസികളുടെയും വനിതകളുടെയും കാലുകൾ കഴുകി ചുംബിച്ചുകൊണ്ട് മാനവ സാഹോദര്യത്തിന്റെ പുതിയൊരു നിശ്ശബ്ദ വിപ്ലവത്തിന് ഫ്രാൻസിസ് മാർപാപ്പ തുടക്കം കുറിച്ചു. എല്ലാ മനുഷ്യരും ദൈവമക്കളും സഹോദരീസഹോദരന്മാരുമാണെന്നും ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നുമുള്ള സ്നേഹത്തിന്റെ തത്ത്വജ്ഞാനമാണ് ഇതിലൂടെ അദ്ദേഹം മാനവരാശിക്ക് കാട്ടിക്കൊടുത്തത്.
പോപ്പ് ഫ്രാൻസിസ് ഒരു മതത്തിന്റെയോ സഭയുടെയോ മാത്രം സ്വകാര്യ സ്വത്തല്ല. അദ്ദേഹം മാനവരാശിക്ക് മുഴുവൻ അവകാശപ്പെട്ടവനാണ്. ഒരു വ്യാഴവട്ടത്തിനുളളിൽ അദ്ദേഹം ചെയ്തുതീർത്ത കർമങ്ങൾ കാലങ്ങളോളം മനുഷ്യരാശിക്ക് മുഴുവൻ പ്രകാശം നൽകും. ആ ദീപ പൊലിഞ്ഞെങ്കിലും അതിന്റെ പ്രഭ മനുഷ്യ മനസ്സുകളിലും ഹൃദയങ്ങളിലും നീണ്ട കാലം ജ്വലിച്ചുനിൽക്കും.
മതത്തിന്റെ മതിൽക്കെട്ടുകൾക്കപ്പുറം മാനവികതയുടെ മേച്ചിൽപുറങ്ങൾ തേടി യാത്രചെയ്ത മഹാ ഇടയന് പ്രണാമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.