മനാമ: ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾക്ക് വൻ സാധ്യതയെന്ന് ഇന്ത്യയിൽ നിന്നുള്ള ഡബ്ല്യു.ബി.എഫ് പ്രതിനിധിയും യു.എ.ഇ കൺട്രി ചെയറുമായ സെനറ്റർ ഡോ. ഹാരിസ് എം. കോവൂർ. വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം (ഡബ്ല്യു.ബി.എഫ്) സമ്മേളനത്തിന്റെ ആഗോള സ്റ്റാർട്ടപ്പ് കോൺക്ലേവിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു സംസാരിച്ചത് അദ്ദേഹമാണ്.
ലോകത്തിലെ മൂന്നാമത്തെ 'സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം' ആണ് ഇന്ത്യയുടേതെന്ന് അദ്ദേഹം ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. അമേരിക്കയും ചൈനയും ആണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്. വളർന്നു വരുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് നിരവധി ഫണ്ടിങ് സാധ്യതകളാണ് നിലവിൽ സർക്കാർ തലത്തിൽ തന്നെയുള്ളത്. ‘പ്രധാൻ മന്ത്രി മുദ്ര യോജന സ്കീം’ (പി.എം.വൈ.എസ്), മഹിള ഉധ്യം സ്കീം, അന്ന പൂർണ സ്കീം, സ്റ്റാർട്ട് അപ്പ് ഇന്ത്യ സീഡ് ഫണ്ടിങ് സ്കീം, സമൃദ്ധി സ്കീം തുടങ്ങിയ സംവിധാനങ്ങൾക്ക് പുറമെ സ്മാൾ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 10,000 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ട് നിലവിൽ ഉണ്ട്. ഇതിനു പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആധാരമാക്കിയുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് 1.5 ബില്യൺ ഡോളറിന്റെ പുതിയ ഫണ്ട് നിലവിൽ വന്നിട്ടുണ്ട്. സ്വകാര്യ മേഖലയിലെ നിരവധി സാധ്യതകൾ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് മുന്നിൽ തുറന്നുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന നിരവധി ഇന്ത്യൻ സ്റ്റാർട്ട് അപ്പു കളിൽ നിരവധി നിക്ഷേപ സാധ്യതകളാണ് തുറന്നുകിടക്കുന്നത്.
ടാറ്റാ ഗ്രൂപ്, റിലയൻസ് ഗ്രൂപ്, ഇൻഫോസിസ് തുടങ്ങിയ വൻകിട ഇന്ത്യൻ കോർപറേറ്റുകൾക്ക് സ്റ്റാർട്ട് അപ്പ് ഫണ്ട് നിലവിലുണ്ട്. സമ്മേളനത്തോടനുബന്ധിച്ചു നടന്ന സ്റ്റാർട്ടപ്പ് കോൺക്ലേവിൽ ഇന്ത്യക്കു പുറമെ ബ്രിട്ടൻ, സ്പെയിൻ, ഹോങ്കോങ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ അവരവരുടെ രാഷ്ട്രങ്ങളിൽ നിലവിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ലഭ്യമായ ഫണ്ടിങ് സൗകര്യത്തെക്കുറിച്ച് വിവരിച്ചു. ലോകമെമ്പാടും കൂടുതൽ തൊഴിലവസരങ്ങളും കൂടുതൽ സാമൂഹിക നീതിയും സൃഷ്ടിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സാമ്പത്തിക ഫോറം ആണ് വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം (ഡബ്ല്യു.ബി .എഫ്). ജി 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ അനുബന്ധ പങ്കാളിയാണ് വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.