pravasi welfare

'നാടിന്‍റെ നന്മയ്ക്ക് നമ്മളൊന്നിക്കണം' പ്രവാസി വെൽഫെയർ ടോക് ഷോ

മനാമ: രാജ്യത്തേക്ക് കടന്നുവന്ന എല്ലാ നന്മകളെയും സ്വീകരിക്കുക എന്നതായിരുന്നു രാജ്യത്തിൻറെ പൊതുസ്വഭാവമെന്നും അത് കൊണ്ട് തന്നെ നിലനിൽക്കുന്ന വർഗീയതയെ മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും ബഹുസ്വരതയുടെയും ഭൂമികയിൽ നിന്ന് ചെറുക്കുവാൻ നമുക്ക് സാധിക്കുമെന്നും 'നാടിന്‍റെ നന്മയ്ക്ക് നമ്മളൊന്നിക്കണം' എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ടോക്ക് ഷോയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ജനാധിപത്യ സമൂഹത്തിൽ സംഘപരിവാർ സ്വീകരിച്ച തന്ത്രപരമായ സമീപനമാണ് മുസ്ലീങ്ങളും അല്ലാത്തവരും എന്ന ഒരു വേർതിരിവ് സൃഷ്ടിച്ചെടുക്കുക എന്നത്. അതിലൂടെ മുസ്ലിം വെറുപ്പിന്റെ സാമൂഹിക സംഘാടനവും വെറുപ്പിന്റെ പൊതുബോധവും നിർമ്മിച്ചെടുക്കുവാനും അവർക്ക് സാധിച്ചതിന്റെ സാമൂഹിക ദുരന്തമാണ് പൗരത്വ നിയമം തുടങ്ങി വഖഫ് സ്വത്തുക്കൾ കയ്യേറുന്ന ഭരണഘടനാ വിരുദ്ധ നിയമങ്ങളിലൂടെ രാജ്യം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.

സംഘപരിവാർ രാജ്യത്ത് രൂപപ്പെടുത്തിയ അപകടകരമായ രാഷ്ട്രീയ ഫാഷിസത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ച മതേതര സമൂഹത്തിന് അവർ തിരുകി കയറ്റിയ സാംസ്കാരിക ഫാഷിസത്തെ പ്രതിരോധിക്കാൻ കഴിയാതിരുന്നത് കൊണ്ട് കൂടിയാണ് രാജ്യത്തെ ജനങ്ങൾക്കിടയിൽ വെറുപ്പ് ഉല്പാദനം ഗണ്യമായി വർധിപ്പിക്കാനായത്. സംഘപരിവാർ മുന്നോട്ട് വെക്കുന്ന ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ അടി വേരറുക്കാനും ജാതീയതയും അസമത്വവും വിദ്വേഷവും വെറുപ്പും അവസാനിപ്പിക്കാനും നമുക്ക് സാധിക്കണം. അതിന് മനുഷ്യർ തമ്മിലുള്ള കേവല സൗഹൃദത്തിനപ്പുറം രാജ്യത്ത് സാഹോദര്യ രാഷ്ട്രീയം ഉയർത്തി കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ടോക് ഷോയിൽനിന്ന്

 

വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാജ്യത്തെ മനുഷ്യർ ഒന്നിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്. ലോകത്തിൽ എവിടെയും നടക്കുന്ന അനീതികൾ മനുഷ്യത്വത്തിന് എതിരെയുള്ള ക്രൂരമായ അക്രമങ്ങളാണ് എന്ന് തിരിച്ചറിയുന്നിടത്താണ് ശരിയായ മാനവികത രൂപപ്പെടുന്നത്. മാനവികത എന്ന ആശയത്തിനായി ജനാധിപത്യപരമായ കൂടിച്ചേരലുകളും ജനാധിപത്യപരമായ യോജിപ്പുകളുമായ് നീതിയുടെ പക്ഷത്ത് നമ്മൾ നിൽക്കണം. ഭരണഘടന സംരക്ഷണത്തിനായുള്ള ശക്തമായ ഇടപെടലുകൾക്കായ് ജനാധിപത്യപരമായ യോജിപ്പുകൾ ഇന്ത്യയിൽ ഉണ്ടാകേണ്ടതുണ്ട്. ശരിയുടെ പക്ഷത്ത് നിൽക്കുമ്പോൾ നമ്മുടെ കയ്യിൽ ഉള്ള തുലാസ് നീതിയിൽ അധിഷ്ഠിതമായിരിക്കണം എന്നുള്ളതും വളരെ പ്രധാനമാണ്.

പുതിയ പാർലമെന്‍റിൽ 800 ലധികം സീറ്റുകൾ ഉണ്ടാക്കിയത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്‍റെ ഒരു ഘട്ടമാണ്. ഭയത്തിലൂടെയും വർഗീയതയിലൂടെയും മനുഷ്യത്വത്തിനെതിരായ ആയുധങ്ങങ്ങളാക്കി മാറ്റുകയാണ് എന്ന് നമ്മൾ തിരിച്ചറിഞ്ഞ് മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ രാജ്യത്ത് മാനവികത നിലനിൽക്കുകയുള്ളൂ എന്ന് നമ്മൾ തിരിച്ചറിയണം. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ മേഖലകളിലും എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കണം. അതിനപ്പുറമുള്ള സർവാധികാര സംവിധാനത്തിന്റെ അധിനിവേശത്തെ രാജ്യം നിരാകരിക്കണം എന്നും ടോക് ഷോയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്‍റ് ഷാഹുൽ ഹമീദ് വെന്നിയൂർ നയിച്ച ടോക് ഷോയിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ഇ. എ സലീം, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, സാനി പോൾ, ഇ വി രാജീവൻ, പ്രമോദ് കോട്ടപ്പള്ളി, സൽമാനുൽ ഫാരിസ്, എസ് വി. ബഷീർ, അനിൽകുമാർ യു.കെ, ജമാൽ നദ്‌വി ഇരിങ്ങൽ, ജലീൽ മല്ലപ്പള്ളി, സബീന ഖാദർ, ഗഫൂർ കൈപ്പമംഗലം, ലത്തീഫ് കൊളിക്കൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതം ആശസിച്ചു. ശരീഫ് കായണ്ണ വിഷയം അവതരിപ്പിച്ചു.

Tags:    
News Summary - Pravasi Welfare Talk Show Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.