മനാമ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷന്റെ മിഡിലീസ്റ്റ് ചാപ്റ്റർ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 5.30ന് ഉമ്മുൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്ത് ടി. പദ്മനാഭൻ നിർവഹിക്കും.
യോഗത്തിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിക്കും. പ്രിയദർശിനി ബുക്ക് ക്ലബിന്റെ ഉദ്ഘാടനം കോവളം എം.എൽ.എ എം. വിൻസെന്റ് നിർവഹിക്കും.
നളിനകാന്തി ഫീച്ചർ ഫിലിം പ്രദർശന ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാറും നിർവഹിക്കും. ജേക്കബ് എബ്രഹാമിന്റെ പുസ്തകമായ ‘ബർണ്ണശ്ശേരിയിലെ ചട്ടക്കാരികൾ’ ചടങ്ങിൽ പ്രകാശനം ചെയ്യും.
സമ്മേളനത്തിൽ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മൻസൂർ പള്ളൂർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ഒ.ഐ.സി.സി നേതാക്കളായ രാജു കല്ലുംപുറം, ഗഫൂർ ഉണ്ണികുളം, ബിനു കുന്നന്താനം, ബോബി പാറയിൽ, പ്രിയദർശിനി പബ്ലിക്കേഷൻ മിഡിലീസ്റ്റ് കോഓഡിനേറ്റർ സഞ്ജു പിള്ള, വിവിധ രാജ്യങ്ങളിലെ നേതാക്കളായ സൈദ് എം.എസ്, നൗഫൽ പാലക്കാടൻ, ജോൺ ഗിൽബർട്ട് എന്നിവരും സംബന്ധിക്കും.
അക്ഷര സ്നേഹികളായ മുഴുവൻ മലയാളികളിലേക്കും പ്രിയദർശിനി പബ്ലിക്കേഷന്റെ പ്രവർത്തനം എത്തിക്കുക എന്നുള്ളതാണ് ദൗത്യമെന്ന് പ്രിയദർശിനി പബ്ലിക്കേഷൻ ഭാരവാഹികൾ പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ വായനക്കാരെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുക, പുസ്തക മേളകൾ സംഘടിപ്പിക്കുക തുടങ്ങി നിരവധിയായ പ്രവർത്തനങ്ങളാണ് പ്രിയദർശിനി പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റിൽ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.