താൻ ചെയ്ത ആരാധനകൾക്കും സൽകർമങ്ങൾക്കും പ്രതിഫലം നൽകുമെന്ന് പടച്ച തമ്പുരാൻ ഓഫർ നൽകി അനുഗ്രഹിച്ച മാസമാണ് റമദാൻ. മറ്റ് 11 മാസങ്ങളിൽ ചെയ്യുന്ന സൽകർമങ്ങൾക്ക് ലഭിച്ചേക്കാവുന്ന പ്രതിഫലത്തേക്കാൾ എത്രയോ പതിന്മടങ്ങ് പ്രതിഫലമാണ് റമദാൻ മാസത്തിൽ സർവ രക്ഷകനായ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. റമദാനിന്റെ വരവറിയിച്ച് മാസപ്പിറവി ദൃശ്യമായാൽ കുട്ടിക്കാലമാണ് ഓർമ വരുന്നത്. ഞങ്ങൾ കുട്ടികൾ ഒരുമിച്ചുകൂടി പള്ളികൾ കേന്ദ്രീകരിച്ച് തക്ബീർ മുഴക്കിയാണ് റമദാനിനെ വരവേറ്റിരുന്നത്.
റമദാൻ എത്തുന്നതിനുമുമ്പ് കുട്ടികൾ ചേർന്ന് പള്ളികൾ കഴുകി വൃത്തിയാക്കുമായിരുന്നു. വീടുകളും കഴുകി വൃത്തിയാക്കും. വർണക്കടലാസ് കൊണ്ട് പരിസരമാകെ അലങ്കരിക്കും. ഞങ്ങൾ കുട്ടികൾക്ക് നോമ്പുനോറ്റ് വീട്ടുന്നതിലുള്ള വിഷമം അറിയാവുന്നതുകൊണ്ട് അത്താഴത്തിന് വീട്ടുകാർ ഞങ്ങളെ ചിലപ്പോൾ വിളിക്കാറില്ലായിരുന്നു. പക്ഷേ കുട്ടികളായ ഞങ്ങൾ അതിന്റെ പേരിൽ വഴക്കിടുകയും അടുത്ത ദിവസം അത്താഴം കഴിക്കാനായി ഉറക്കമൊഴിച്ച് ഇരിക്കുകയും ചെയ്തിരുന്നു. ഇന്നത്തെപ്പോലെ ടി.വി പ്രചാരം നേടാത്ത അക്കാലത്ത് കുട്ടികളിൽ ധാർമികബോധം കൂടുതലായിരുന്നു.
റമദാൻ ആരംഭിക്കുമ്പോൾ ടി.വിയുള്ള വീട്ടുകാർ അത് തുണികൊണ്ട് മൂടും. ടി.വി നോക്കുന്നതുപോലും നിഷിദ്ധമാണെന്നാണ് പഠിപ്പിക്കപ്പെട്ടത്. ഇന്നങ്ങനെയല്ല സാഹചര്യം. സമൂഹം ഇസ്ലാമിക ജീവിതചര്യകളിൽനിന്ന് വ്യതിചലിക്കുകയും പാശ്ചാത്യജീവിതചര്യകൾ അനുഷ്ഠിക്കാൻ തുടങ്ങുകയും ചെയ്തതോടെ നോമ്പും നമസ്കാരവുമൊക്കെ നിസ്സാരവത്കരിക്കപ്പെടുന്നു. പുതുതലമുറയിൽ അതിനോടുള്ള കമ്പം കുറയുകയാണ്. ദുഃഖസാന്ദ്രമായ അന്തരീക്ഷമായിരുന്നു നോമ്പ് 27നുശേഷമുള്ള ദിവസങ്ങൾ. റമദാൻ വിടപറയുന്നതിന്റെ വേദനയും ഈ സന്തോഷദിനത്തിലും ചിലരുടെ മുഖത്ത് കാണാമായിരുന്നു. പെരുന്നാൾ ദിവസം രാവിലെ പുതുവസ്ത്രമണിഞ്ഞ് സുഗന്ധങ്ങൾ പൂശി, ഇറച്ചിക്കറിയും നെയ്പത്തലും കഴിച്ച് പെരുന്നാൾ നമസ്കാരത്തിനായി ഞങ്ങൾ പള്ളിയിലേക്ക് പോകും.
അതിനുശേഷം കുടുംബക്കാരുടെയും അയൽവാസികളുടെയും വീടുകളിൽ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. അവിടത്തെ മുതിർന്നവർ ഞങ്ങൾക്ക് പെരുന്നാൾ പണം നൽകും. റമദാനും പെരുന്നാളും എന്തെന്നില്ലാത്ത അനുഭൂതിയാണ് സമ്മാനിച്ചിരുന്നത്. ആ കുട്ടിക്കാലവും അത്തരം സാഹചര്യങ്ങളും ഇനി തിരിച്ചുവരില്ലെന്നോർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.