മനാമ: റമദാനിൽ സാമൂഹിക സഹായ പദ്ധതിയിൽ അംഗങ്ങളായ കുടുംബങ്ങൾക്ക് സഹായം ഇരട്ടിയാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെ തീരുമാനം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര പാർലമെന്റ് യൂനിയൻ 146ാമത് സമ്മേളനത്തിന് ബഹ്റൈൻ വേദിയായത് ഏറെ അഭിമാനകരമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി.
ഹമദ് രാജാവിനു പകരം സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളും നേതാക്കളും ബഹ്റൈനിലെത്തിയത് സന്തോഷകരമാണ്. ഇത്രയും സുപ്രധാനമായ സമ്മേളനത്തിന് ബഹ്റൈൻ വേദിയാവുന്നത് വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച വളർച്ചയെയാണ് അടയാളപ്പെടുത്തുന്നതെന്നും യോഗം വിലയിരുത്തി. സാമൂഹികസഹായത്തിന് അർഹരായവർക്കും ശാരീരിക വൈകല്യമുള്ളവർക്കും നൽകുന്ന സഹായം റമദാനിൽ ഇരട്ടി നൽകുന്നതിനുള്ള തീരുമാനം കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരവും റമദാനിൽ സന്തോഷം ഇരട്ടിക്കാൻ കാരണമാകുമെന്നും വിലയിരുത്തി.
അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം സ്ഥിരമായി തുടരുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന നിർദേശത്തിന്റെ വെളിച്ചത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളാനും ഇതിനായി പ്ലാൻ തയാറാക്കാനും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനായി സർക്കാറിൽനിന്ന് വാടകക്കെടുത്തിട്ടുള്ള വ്യവസായിക ഭൂമികളുടെ വാടക അടുത്ത ഒരു മാസത്തേക്കുകൂടി ഒഴിവാക്കിക്കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തേ മൂന്നു മാസത്തേക്ക് വാടക ഒഴിവാക്കിക്കൊടുത്തിരുന്നു. ഷോപ്പിങ് മാളുകളിലും മാർക്കറ്റുകളിലും വിലനിലവാരം പരിശോധിക്കുന്നതിനും അതുവഴി അന്യായ വിലവർധന പിടിച്ചുനിർത്തുന്നതിനുമുള്ള നടപടി സ്വീകരിക്കാൻ വാണിജ്യ, വ്യവസായ മന്ത്രിയെ ചുമതലപ്പെടുത്തുന്നതായി പ്രധാനമന്ത്രി അറിയിച്ചു.
സൗദി, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയെയും കാബിനറ്റ് സ്വാഗതംചെയ്തു. സൗദിയും ഇറാനും തമ്മിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ അധ്യക്ഷതയിൽ സൗദിയെയും ഇറാനെയും ഒരുമിച്ചിരുത്തിയത്. ഒമാന്റെയും ഇറാഖിന്റെയും ശ്രമഫലമായാണ് ഇത്തരമൊരു യോഗം വിളിച്ചു ചേർക്കപ്പെട്ടത്. മേഖലയുടെ സമാധാനത്തിന് സൗദി നടത്തുന്ന നേതൃപരമായ പങ്കിനെ കാബിനറ്റ് പ്രത്യേകം അഭിനന്ദിച്ചു.
ഇതിലൂടെ മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിലൂടെ മികച്ച വളർച്ചയും പുരോഗതിയും ഉറപ്പാക്കാനാകും. സാമൂഹിക സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് പ്രയോജനകരമാകുന്നതിന്റെ ഭാഗമായി വൈകീട്ടും പ്രവർത്തിക്കുന്നതിനുള്ള നിർദേശം കാബിനറ്റ് അംഗീകരിച്ചു. വിവിധ പരിപാടികൾ വൈകീട്ട് സമയങ്ങളിലും സംഘടിപ്പിക്കും. വളർച്ചസൂചികയിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് മന്ത്രിതല സമിതി റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മന്ത്രിമാർ പങ്കെടുത്ത സമ്മേളനങ്ങളുടെ റിപ്പോർട്ടുകളും ഗുദൈബിയ പാലസിൽ നടന്ന കാബിനറ്റ് യോഗത്തിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.