മനാമ: ആഹ്ലാദ ദിനങ്ങളിൽപോലും കുഞ്ഞുമുഖങ്ങളിൽ ഒരു ചെറുപുഞ്ചിരി വിടർത്താൻ സാധിക്കാതെ വിഷമിക്കുന്ന കുടുംബങ്ങൾക്ക് സന്തോഷത്തിന്റെ കൈത്താങ്ങുമായി ബഹ്റൈൻ റയ്യാൻ സ്റ്റഡി സെന്റർ വിദ്യാർഥികൾ. 100ലധികം കുട്ടികൾക്ക് ഈദ് ദിനങ്ങളിൽ പുത്തനുടുപ്പിന്റെ സൗരഭ്യം പകരാനായി സ്വന്തം നിക്ഷേപ കുടങ്ങൾ പൊട്ടിച്ച് പണം കണ്ടെത്തുകയായിരുന്നു വിദ്യാർഥികൾ. 300ലധികം റയ്യാൻ വിദ്യാർഥികൾ സംരംഭത്തിൽ ഒത്തുചേർന്നു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നാട്ടിലെ പാവപ്പെട്ട കുട്ടികൾക്ക് പെരുന്നാൾ പുടവ നൽകാനായി സംഘടിപ്പിച്ച ‘ഈദ് കിസ്വ’ എന്ന പരിപാടിയിലേക്കാണ് വിദ്യാർഥികൾ തങ്ങളുടെ കൊച്ചു കൊച്ചു സമ്പാദ്യങ്ങൾ കൈമാറിയത്. വളരെ ചെറുപ്രായത്തിൽതന്നെ കുട്ടികളിൽ സഹായ മനോഭാവം വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് കുട്ടികളിൽനിന്ന് സഹായം ഏറ്റുവാങ്ങിയ സോഷ്യൽ വെൽഫെയർ സെക്രട്ടറി ഹംസ കെ. ഹമദ് അഭിപ്രായപ്പെട്ടു.
ഇതിനു പിന്നിൽ പ്രവർത്തിച്ച റയ്യാൻ സ്റ്റഡി സെന്റർ ഭാരവാഹികളെയും രക്ഷിതാക്കളെയും അദ്ദേഹം അനുമോദിച്ചു. റയ്യാൻ സ്റ്റഡി സെന്റർ പ്രിൻസിപ്പൽ അബ്ദു ലത്വീഫ് ചാലിയം, ഹംസ അമേത്ത്, നഫ്സിൻ, സിദ്ദീഖ്, അബ്ദുൽ ഹാദി തുടങ്ങിയവരും മറ്റു അധ്യാപികാധ്യാപകന്മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.