1995 ജനുവരി 26ന് ഡൽഹിയിലെ രാജ്‌പഥിൽ നടത്തിയ പരേഡിൽ
ബിജു പി. ദേവസ്യ അടങ്ങുന്ന വ്യോമസേന കണ്ടിജന്റ്
‘Fall In’ ഡൽഹിയിലെ തുളച്ചുകയറുന്ന തണുപ്പിനെയും മൂടൽമഞ്ഞിനെയും കീറി മുറിച്ചുകൊണ്ട് മാസ്‌റ്റർ വാറൻഡ് ഓഫിസർ ലാംബയുടെ കമാൻഡ് കേട്ട് ഞങ്ങളെല്ലാവരും പരേഡിനായി റെഡിയായി.
ജനുവരി 26, 1995 ജീവതത്തിലെ മറക്കാനാകാത്ത, അഭിമാനത്തോടെ എന്നും ഓർക്കുന്ന ഒരു റിപ്പബ്ലിക് ദിനമാണ്. വ്യോമസേനയിലെ പരിശീലനം പൂർത്തിയായി ആദ്യ പോസ്‌റ്റിങ്ങിൽ ഡൽഹിയിൽ വന്നിറങ്ങിയ ഞങ്ങളെല്ലാവരും മാനസികമായും ശാരീരികമായും റിപ്പബ്ലിക് ദിന പരേഡിനായി തയാറെടുത്തു. പുലർച്ചെ നാലുമണിക്ക് തുടങ്ങുന്ന പരേഡിന്‍റെ പരിശീലനം.
അവസാന ആഴ്ചകളിലെ ഞങ്ങളുടെ മാർച്ച് നടക്കുന്നത് ചരിത്രമുറങ്ങുന്ന രാജ്‌പഥിലാണ്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെ മഞ്ഞിൽ പുതച്ച ഡൽഹിയിലൂടെ ഞങ്ങൾ പരേഡ് ചെയ്യുമായിരുന്നു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വരെ കേട്ട് വിതുമ്പിയ, കവി പ്രദീപ് രചിച്ച് ലതാ മങ്കേഷ്കർ ആലപിച്ച ഗാനമായ ‘ഓ മേരെ വതൻ കെ ലോഗോ’, മുഹമ്മദ് റഫിയുടെ ‘യെ ദേശ് ഹെ വീര് ജവാനോം കാ...’തുടങ്ങിയ ദേശഭക്തി ഗാനങ്ങൾ രാജ്പഥിന്‍റെ ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്ന ലൗഡ് സ്പീക്കറിൽ കൂടി മുഴങ്ങുമ്പോൾ ഞങ്ങളുടെ രക്തം ചൂടു പിടിക്കും, കൈകൾ വീശിയെറിഞ്ഞ് ഞങ്ങൾ മാർച്ച് ചെയ്യും.
അന്നു രാവിലെ ഞങ്ങളെല്ലാവരും രാവിലെ തന്നെ സെറിമോണിയൽ യൂനിഫോം അണിഞ്ഞ് പരേഡിനായി തയാറെടുത്ത് രാജ്‌പഥിലെത്തിച്ചേർന്നു. കുറച്ചുകഴിഞ്ഞപ്പോൾ പരേഡ് ആരംഭിച്ചു. സൈനിക, അർധ സൈനിക, പൊലീസ് അങ്ങനെ നിരവധി കണ്ടിജന്‍റുകൾ ഞങ്ങളോടൊപ്പം അണിനിരന്നു. ഞങ്ങൾ 144 സൈനികരാണ് വ്യോമസേനക്കായി പരേഡ് ചെയ്തത്.
കടന്നുപോകുന്ന വഴികളുടെ ഇരുവശങ്ങളിലും പതിനായിരങ്ങൾ ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു. തലക്കു മുകളിലൂടെ വായുസേനയുടെ വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ പറക്കുന്നുണ്ടായിരുന്നു. പതിനാലു കിലോമീറ്റർ പരേഡ് എങ്ങനെ കടന്നുപോയി എന്നറിയത്തില്ല. അന്നത്തെ ഞങ്ങളുടെ പരേഡിന്‍റെ സല്യൂട്ട് സ്വീകരിച്ചത് സാക്ഷാൽ നെൽസൻ മണ്ടേല ആയിരുന്നു എന്നുള്ളത് ഇന്നും ഞാൻ അഭിമാനത്തോടെ ഓർക്കുന്നു.
വർഷങ്ങൾക്കിപ്പുറം ഇവിടെ പ്രവാസ ലോകത്തും ഓരോ റിപ്പബ്ലിക് ദിനത്തിലും ഇന്ത്യയുടെ തലസ്ഥാനത്ത് നടക്കുന്ന പരേഡുകൾ കാണുമ്പോൾ ഡൽഹിയിലെ തണുപ്പിൽ ദേശഭക്തിയുടെ ഈരടികൾ സിരകളിൽ പകർന്ന ചൂടും പഴയ ഓർമകളും മനസ്സിലേക്ക് കടന്നുവരും. മനം നിറയും.. -ജയ്ഹിന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.