രാജ്യത്തിന്റെ വികസന വഴിയിൽ ശ്രദ്ധേയമായ പങ്കാണ് തൊഴിലാളികൾ വഹിക്കുന്നത്
സ്വനന്തം ലേഖകൻ
മനാമ: അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ തൊഴിലാളികളുടെ പങ്ക് സുപ്രധാനമാണെന്ന് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. മേയ് ഒന്ന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഇറക്കിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും മന്ത്രി മേയ്ദിനാശംസ നേർന്നു.
വിവിധ മേഖലകളിൽ തങ്ങളുടെ അധ്വാനം വിനിയോഗിക്കുന്ന തൊഴിലാളികൾ രാജ്യത്തിന്റെ വികസന വഴിയിൽ ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്. അവരില്ലായിരുന്നുവെങ്കിൽ ഒരു വികസന പ്രവർത്തനവും സാധിക്കുകയില്ലായിരുന്നു. രാജ്യം വിവിധ മേഖലകളിൽ വളർച്ചയും വികാസവും കൈവരിച്ചതിന് പിന്നിൽ നിസ്വാർഥരായ തൊഴിലാളികളുടെ വിയർപ്പ് കണങ്ങളാണ്. അവരെ മറന്നുകൊണ്ട് മുന്നോട്ടുപോകാൻ സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രാലയത്തിന്റെ വിവിധ പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ തൊഴിലാളികളുടെ സംഭാവന നിസ്സീമമാണ്. കോവിഡ് കാലത്തുപോലും തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുന്നതിൽ അവർക്ക് വിജയിക്കാൻ സാധിച്ചു. തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ മന്ത്രാലയം പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ചൂടുകൂടിയ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ച വിശ്രമ നിയമം നടപ്പാക്കിയത് തൊഴിലാളികളുടെ സുരക്ഷയിൽ വൻ മുന്നേറ്റമാണ് വരുത്തിയത്. കോവിഡ് കാലത്ത് തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും കോവിഡ് പ്രോട്ടോകോൾ നടപ്പാക്കാനും സാധിച്ചു. അപകടരഹിതമായ 4.3 ദശലക്ഷം മണിക്കൂർ കൊണ്ട് ടൂബ്ലി മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് നവീകരണം പൂർത്തിയാക്കാൻ സാധിച്ചത് നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.