മനാമ: സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വെബിനാർ ശനിയാഴ്ച നടക്കും. പ്രവാസകുടിയേറ്റത്തിലെ തട്ടിപ്പുകളും ചൂഷണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ വെബിനാർ നടത്തുന്നത്.
സാമൂഹിക പ്രവർത്തകനും മലേഷ്യയിൽ നിന്നുള്ള ലോക കേരള സഭാംഗവും പ്രവാസികളുടെ പശ്ചാത്തലത്തിൽ രചിച്ച ‘ബോർഡിങ് പാസ്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ആത്മേശൻ പച്ചാട്ടാണ് വെബിനാർ നയിക്കുന്നത്.
ഇന്ത്യൻ സമയം വൈകീട്ട് 7 മണിക്ക് സൂമിലാണ് വെബിനാർ നടക്കുന്നത്. വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ കേരള സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഏതാനും മാസങ്ങൾക്കു മുമ്പ് പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയിൽ നൽകിയ ശിപാർശകളെ തുടർന്ന് ഹൈകോടതിയുടെ ഉത്തരവ് പ്രകാരം വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ നിലവിൽ കേരള സർക്കാർ സ്പെഷൽ ടാസ്ക്ഫോഴ്സ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പ്രവാസ മേഖലയിലുള്ള വിദ്യാർഥികളെ ഒരുമിപ്പിക്കുന്നതോടൊപ്പം വിദ്യാർഥികളുടെ സുതാര്യമായ കുടിയേറ്റത്തിനുകൂടി പ്രാധാന്യം നൽകിക്കൊണ്ട് പ്രത്യേകം സ്റ്റുഡന്റ്സ് വിങ്ങിനും പ്രവാസി ലീഗൽ സെൽ ഈയിടെ രൂപം നൽകിയിട്ടുണ്ട്. വിദേശ തൊഴിൽ തട്ടിപ്പുകൾ തടയുകയെന്ന ലക്ഷ്യത്തോടെ പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.