മനാമ: സൗരോർജ പദ്ധതികളിൽ സഹകരിക്കുന്നതിന് സോളാർടെക് ഗ്രീൻ എനർജിയും മലേഷ്യയിലെ എണ്ണ, പ്രകൃതിവാതക രംഗത്ത് പ്രവർത്തിക്കുന്ന സെർബ ഡൈനാമിക്സ് ഹോൾഡിങ്സും കരാറിൽ ഒപ്പുവെച്ചു. 2030ഓടെ സോളാർടെക്കിന്റെ സൗരോർജ പദ്ധതികളിൽ സെർബ ഡൈനാമിക്സ് 100 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്.
ഹിദ്ദ് ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സോളാർടെക് ചെയർമാൻ ശൈഖ് അലി ബിൻ അബ്ദുല്ല ആൽ ഖലീഫയും സെർബ ഡൈനാമിക്സ് ചെയർമാൻ ഡോ. മുഹമ്മദ് അബ്ദുൽ കരീം ബിൻ അബുദുല്ലയുമാണ് കരാറിൽ ഒപ്പുവെച്ചത്. സോളാർടെക് വൈസ് ചെയർമാൻ ശൈഖ് സബാഹ് ബിൻ അലി ബിൻ അബ്ദുല്ല ആൽ ഖലീഫ, ബോർഡ് മെംബർ ശൈഖ് അബ്ദുല്ല ബിൻ അലി ബിൻ അബ്ദുല്ല ആൽ ഖലീഫ, സെർബ ഡൈനാമിക്സിന്റെ ബഹ്റൈനിലെ പ്രതിനിധികളായ ഗ്ലോബൽ ലീഡേഴ്സ് ബിസിനസ് സൊലൂഷൻസ് മാനേജിങ് പാർട്ണർമാരായ തോമസ് ജോർജ്, സഈദ് അലി, സെർബ ഡൈനാമിക്സ് വൈസ് പ്രസിഡന്റ് ദിലീപ് ജി. നായർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികൾക്കും വ്യക്തികൾക്കും സൗരോർജ പദ്ധതികൾ നടപ്പാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
സൗരോർജ പാനൽ നിർമാണ രംഗത്തെ പ്രമുഖ കമ്പനിയായ സോളാർടെക് ആഗോള വിപണിയിലും ചുവടുറപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മലേഷ്യൻ കമ്പനിയുമായി സഹകരിക്കുന്നത്. തുടക്കത്തിൽ സൗദി അറേബ്യയിലേക്കും ആഫ്രിക്കയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ഉന്നത യൂറോപ്യൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയുള്ള ആദ്യത്തെ ബഹ്റൈനി സംരംഭമാണ് സോളാർടെക് എന്ന് ചെയർമാൻ പറഞ്ഞു. 80,000 സൗരോർജ പാനലുകളിൽനിന്ന് 25 മെഗാവാട്ട് വൈദ്യുതിയാണ് കമ്പനി ഉൽപാദിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഉൽപാദനം വർധിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഊർജ പദ്ധതികൾക്ക് പുറമേ, മറ്റെല്ലാ മേഖലകളിലും സോളാർടെക്കുമായി സഹകരിക്കാൻ പദ്ധതിയുണ്ടെന്ന് സെർബ ഡൈനാമിക്സ് ചെയർമാൻ ഡോ. മുഹമ്മദ് അബ്ദുൽ കരീം ബിൻ അബുദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.