ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?1983ൽ അന്ന് നിലവിലുണ്ടായിരുന്ന ഫ്രീ വിസ എന്നു വിളിച്ചുപോന്നിരുന്ന ഇഷ്ടമുള്ളിടത്ത് ജോലി ചെയ്യാവുന്ന വിസയിലാണ് ഞാൻ ബഹ്റൈനിൽ എത്തിയത്. തയ്യൽ ജോലി അറിയാവുന്നതുകൊണ്ട് ഒരു തയ്യൽക്കടയിൽ ജോലിക്ക് കയറി. നാലു വർഷത്തിനുശേഷം വിസ കാൻസലാക്കി നാട്ടിലേക്കു പോയി.
പിന്നീട് അതേ കടയിലേക്ക് എനിക്ക് ഒറിജിനൽ വിസ അയച്ചുതന്നു. തിരിച്ചുവന്ന് അതേ സ്പോൺസറുടെ കടയിൽ തന്നെ ജോലി തുടങ്ങി. പീസ് വർക് എന്ന സിസ്റ്റമായിരുന്നു ചെയ്തിരുന്നത്.
അതായത് ചെയ്യുന്ന ജോലിക്ക് അനുസരിച്ച് കൂലി. മറ്റു കടകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സംഖ്യയാണ് കിട്ടിയിരുന്നത്. നാട്ടിൽ പോകുമ്പോൾ ടിക്കറ്റോ അക്കമഡേഷൻ ലീവ് സാലറിയോ ആനുകൂല്യങ്ങളോ ഒന്നുമില്ല. അങ്ങനെ നാലു പതിറ്റാണ്ട് കഴിഞ്ഞു. പ്രായം കൂടിയതുകൊണ്ട് വിസയടിക്കാൻ ഇപ്പോൾ വിഷമമാണല്ലോ. ആരോഗ്യം മോശമായതിനാൽ ജോലി ചെയ്യാൻ സാധിക്കാതെയുമായി. വിസ കാൻസലാക്കി പോകുമ്പോൾ ഇവിടത്തെ നിയമപ്രകാരം എന്തെങ്കിലും കിട്ടാൻ സാധ്യതയുണ്ടോ.
നമ്മൾ നാട്ടിൽ പോകുകയാണെങ്കിൽ ഒരു വക്കീലിനെ കേസ് ഏൽപിച്ച് പോയാൽ പണം കിട്ടാൻ സാധ്യതയുണ്ടോ. പണം കിട്ടിയാൽ നമുക്ക് തരാതിരിക്കുമോ- ഒരു തയ്യൽ തൊഴിലാളി
• ബഹ്റൈൻ തൊഴിൽ നിയമപ്രകാരം താങ്കൾക്ക് പിരിഞ്ഞുപോകുമ്പോൾ ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭിക്കാൻ അർഹതയുണ്ട്. അതായത് പോകുന്ന ദിവസം വരെയുള്ള ശമ്പളം, കുറഞ്ഞത് രണ്ടു വർഷത്തെ അവധിയുടെ ശമ്പളം, ലീവിങ് ഇൻഡെമിനിറ്റി എന്നിവ. താങ്കൾക്ക് പ്രൊഡക്ഷൻ അടിസ്ഥാനമാക്കി ശമ്പളം ലഭിച്ചതുകൊണ്ട് അവസാന മൂന്നു മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് അവധിയുടെ ശമ്പളവും ലീവിങ് ഇൻഡെമിനിറ്റിയും കണക്കാക്കുന്നത്.
ആദ്യത്തെ മൂന്നു വർഷം ഓരോ വർഷവും 15 ദിവസത്തെ ശമ്പളവും ബാക്കിയുള്ള ഓരോ വർഷവും ഓരോ മാസത്തെ ശമ്പളം എന്ന കണക്കിലുമാണ് ലീവിങ് ഇൻഡെമിനിറ്റി ലഭിക്കാൻ അർഹതയുള്ളത്. ആദ്യത്തെ നാലു വർഷം തൊഴിലുടമയുടെ വിസ ഇല്ലാതെ ആ സ്ഥാപനത്തിൽ ജോലി ചെയ്തത് തെളിയിക്കാൻ പറ്റാത്തതുകൊണ്ട് ആ സമയത്തെ ആനുകൂല്യങ്ങൾ ലഭിക്കാൻ പ്രയാസമായിരിക്കും.
താങ്കൾ നാട്ടിൽ പോകുന്നതിനു മുമ്പ് ഒരു ബഹ്റൈനി അഭിഭാഷകനെ കണ്ട് വിവരങ്ങൾ പറഞ്ഞ് അദ്ദേഹത്തിന്റെ അഭിപ്രായമറിയണം. അതുപോലെ ഒരു പവർ ഓഫ് അറ്റോണിയും കൊടുക്കണം. ഇന്ത്യൻ എംബസിയുടെ അഭിപ്രായം തേടുന്നതും നല്ലതാണ്. എംബസിക്ക് അവരുടെ പാനൽ ഓഫ് ലോയേഴ്സ് മുഖേന താങ്കളെ സഹായിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.