മനാമ: എല്ലാ മനുഷ്യരിലും ജന്മദത്തമായ കഴിവുകളുണ്ട്. അത് പരിപോഷിപ്പിക്കാനും പ്രചോദിപ്പിക്കാനുമുള്ള സാഹചര്യങ്ങൾ ആവശ്യമാണ്. അപ്പോഴേ സർഗവാസനകൾ ഉണരുകയും വളരുകയും ചെയ്യുകയുള്ളൂ. സാഹചര്യങ്ങളുടെ അഭാവംമൂലം ധാരാളം പ്രതിഭകൾ പ്രവാസ പരിസരത്തു കൂമ്പടഞ്ഞ് പോകുന്നുണ്ട്. ഇത്തരം പ്രതിഭകളെ കണ്ടെത്താനും അവരുടെ സർഗവാസനകൾ അച്ചടി മഷി പുരണ്ട് വെളിച്ചം കാണാനും അവസരമൊരുക്കിയ പത്രമായി മാധ്യമത്തെ വിലയിരുത്താനാണ് എനിക്കിഷ്ടം.
ബഹ്റൈനിലെ മലയാളി സാംസ്കാരിക പരിസരങ്ങളെ പ്രശോഭിതമാക്കിയതിൽ ഗൾഫ് മാധ്യമം നല്ല പങ്ക് വായിച്ചിട്ടുണ്ട്. ഇവിടെ നടക്കുന്ന വ്യത്യസ്ത സംഘടനകളുടെ സാംസ്കാരിക, സാഹിത്യ പരിപാടികൾക്ക് മാധ്യമം നൽകുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. പുസ്തകോത്സവം നടക്കുമ്പോൾ ബഹ്റൈനിലെ എഴുത്തുകാരെ ഉപയോഗിച്ച് ബുക്ക് റിവ്യൂ നടത്തി അതിന്റെ പ്രചാരകരാകുന്നു. ഓണം, റമദാൻ, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ കാലയളവുകളിൽ അനുഭവ കുറിപ്പുകളും ഓർമകളും രുചിക്കൂട്ടുകളും തുടങ്ങിയ വ്യത്യസ്ത പക്തികളിലൂടെ എഴുത്തിന്റെ വേറിട്ട രൂപങ്ങൾ വായനക്കാർക്ക് അനുഭവഭേദ്യമാക്കി തീർക്കാറുണ്ട് മാധ്യമം.
വ്യക്തിപരമായി, ഗൾഫ് മാധ്യമത്തിന്റെ താളുകളിലൂടെ ധാരാളം കുറിപ്പുകൾ എന്റേതായും പ്രകാശിതമായിട്ടുണ്ട്. എന്റെ കടിഞ്ഞൂൽ കൃതിയായ ‘പൊര കൂട വീട് ’ ബഹ്റൈനിലും ഷാർജ ബുക്ക് ഫെസ്റ്റിവലിലും പ്രകാശനം ചെയ്യപ്പെട്ടപ്പോൾ ഗൾഫ് മാധ്യമം നൽകിയ പിന്തുണ നന്ദിയോടെ ഓർക്കുന്നു.
പത്രവായനയോടെ തുടങ്ങുന്ന മലയാളിയുടെ ദിനചര്യകൾ ഇവിടെയും മുടങ്ങാതിരിക്കുന്നത് മാധ്യമത്തിന്റെ സാന്നിധ്യം കൊണ്ടാണ്. ഒഴുക്കിനെതിരെ നീന്തി പാർശ്വവത്കരിക്കപ്പെട്ടവന്റെയും ശബ്ദമില്ലാത്തവന്റെയും ശബ്ദമായി തുടരാൻ മാധ്യമം കാണിക്കുന്ന ആർജവത്തിനും ഒരു ബിഗ് സല്യൂട്ട്. മലയാളിയുടെ സാംസ്കാരിക ചിന്തകൾക്ക് മറുനാട്ടിലും വഴികാട്ടുന്ന മാധ്യമത്തിന് ഊർജം പകരാൻ പത്രത്തിന്റെ വരിക്കാരായി നമ്മൾ മുന്നോട്ടുവരിക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.