മനാമ: വിവിധ മേഖലകളിലെ സ്ത്രീ സാന്നിധ്യവും അവരുടെ കഴിവുകളെ വളർത്താനും അംഗീകരിക്കാനുമുള്ള ശ്രമങ്ങളും ബഹ്റൈന്റെ പ്രത്യേകതയാണെന്ന് വനിത സുപ്രീം കൗൺസിൽ വ്യക്തമാക്കി. അന്താരാഷ്ട്ര വനിത ദിനാചരണത്തോടനുബന്ധിച്ച് ഇറക്കിയ പ്രത്യേക പ്രസ്താവനയിലാണ് ബഹ്റൈൻ വനിതകളുടെ ശാക്തീകരണം രാജ്യത്തിന് കരുത്ത് നൽകിയതായി എടുത്തുപറഞ്ഞത്. രാജപത്നി പ്രിൻസസ് ശൈഖ സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബഹ്റൈൻ വനിത സുപ്രീം കൗൺസിലിന്റെ പ്രവർത്തനങ്ങളാണ് സ്ത്രീകളുടെ സർവതോന്മുഖമായ വളർച്ചക്കും ഉന്നമനത്തിനും കാരണമായത്.
സ്ത്രീ ശാക്തീകരണത്തിന്റെ പ്രായോഗിക മാതൃകകൾ സൃഷ്ടിക്കാനും ഭരണാധികാരികളുടെ പിന്തുണയോടെ രാജ്യത്ത് സാധിച്ചിട്ടുണ്ട്. 2001ൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലഘട്ടത്തിലാണ് ബഹ്റൈൻ വനിത സുപ്രീം കൗൺസിലിന് രൂപം നൽകിയത്. ജീവിതത്തിന്റെ എല്ലാ പരിസരങ്ങളിലും വനിതകൾക്ക് അർഹമായ സ്ഥാനവും പദവിയും നേടിയെടുക്കുന്നതിന് ഇടതടവില്ലാത്ത പദ്ധതികളും പ്രായോഗിക ചുവടുവെപ്പുകളുമാണ് കൗൺസിൽ നടത്തിയത്.
മേഖലയിലും അന്താരാഷ്ട്ര തലത്തിലും അറിയപ്പെട്ട ഒട്ടേറെ വനിതകളെ ബഹ്റൈനിൽ നിന്നും സംഭാവന ചെയ്യാൻ സാധിച്ചത് നേട്ടമാണ്. സ്ത്രീകളുടെ ഉന്നമനത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനായി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നാമധേയത്തിൽ യു.എൻ അവാർഡ് നൽകുന്നതിനും കഴിഞ്ഞിട്ടുണ്ട്. മനാമ ആദ്യ വനിത തലസ്ഥാനമായി അംഗീകാരം ലഭിക്കാനും യു.എൻ വനിത സമിതിയിൽ ബഹ്റൈന് അംഗത്വം ലഭിക്കാനും കഴിഞ്ഞ കാലയളവിലെ പ്രവർത്തനങ്ങളിലൂടെ സാധ്യമായിട്ടുണ്ട്. അന്താരാഷ്ട്ര വനിത ദിനാചരണം സംഘടിപ്പിക്കുന്ന വേളയിൽ സ്ത്രീകളുടെ ശക്തമായ ഇടങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിച്ച നേട്ടവുമായാണ് ബഹ്റൈൻ മുന്നോട്ടു കുതിക്കുന്നതെന്നും വനിത സുപ്രീം കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.