മനാമ: അയക്കൂറ(കിങ് ഫിഷ്) മത്സ്യം പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും രണ്ട് മാസത്തെ നിരോധനമേർപ്പെടുത്തി. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് നിരോധനം.
പ്രാദേശികമായി ചാൻആദ് എന്നറിയപ്പെടുന്ന മത്സ്യം വളരെയേറെ പ്രിയമുള്ളതാണ്. പ്രജനന കാലം പരിഗണിച്ചാണ് നിരോധനമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് അറിയിച്ചു. വലകൾ ഉപയോഗിച്ച് മീൻപിടിക്കുന്നതും കച്ചവടവും വിൽപനയും നിരോധിച്ചിട്ടുണ്ട്.
നിരോധന കാലയളവിൽ ചന്തകളിലും പൊതുസ്ഥലങ്ങളിലും മത്സ്യം പ്രദർശിപ്പിക്കുന്നതുപോലും നിരോധിച്ചിരിക്കുന്നു. സമുദ്ര സമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കാനാണ് ഈ വാർഷിക നിരോധനം.
നിരോധനം നടപ്പാക്കുന്നത് മറൈൻ വെൽത്ത് ടീമുകൾ നിരീക്ഷിക്കുമെന്നും ലംഘനങ്ങൾ തടയാൻ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ നടപടികൾ ആരംഭിച്ചുവെന്നും ഈ നിരോധനം പൂർണമായും പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്നും സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് വ്യക്തമാക്കി. ഞണ്ട്, ചെമ്മീൻ, കിങ്ഫിഷ് എന്നിവ പിടിക്കുന്നതിന് ബഹ്റൈനിൽ കാലാനുസൃതമായ നിരോധനമേർപ്പെടുത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.