മനാമ: പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് ശതമാനം ടാക്സ് ചുമത്താനുള്ള നിർദേശത്തിന് പാർലമെന്‍റ് അംഗീകാരം. നേരത്തെ ഒരു വർഷം മുമ്പ് നിർദേശത്തെ പാർലമെന്‍റ് അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. എന്നാൽ നീക്കം ശൂറ കൗൺസിൽ നിരസിക്കുകയായിരുന്നു. അതിനു പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചക്ക് വെച്ചതും കഴിഞ്ഞ ദിവസം വോട്ടിനിട്ടതും. രണ്ടാം തവണയും പാർലമെന്‍റ് വിഷയം ഏകകണ്ഠമായി തന്നെ അംഗീകരിക്കുകയായിരുന്നു. തുടർ അംഗീകാരങ്ങൾക്കായി ശൂറ കൗൺസിലിലേക്ക് വിഷയം മാറ്റിവെച്ചിട്ടുണ്ട്. ശൂറ കൗൺസിൽ ഇത്തവണയും നിരസിച്ചാൽ വിഷയം ദേശീയ അസംബ്ലിയുടെ സംയുക്തസമ്മേളനത്തിൽ വോട്ടിനിടും.
നികുതി നടപ്പാക്കിയാൽ രാജ്യം എണ്ണയെ ആശ്രയിക്കുന്നത് കുറക്കാനാകും. ദശലക്ഷക്കണക്കിന് ദിനാറാണ് ഓരോ രാജ്യത്തേക്കും അയക്കപ്പെടുന്നതെന്നും ടാക്സ് വരുന്നതിലൂടെ അതിന് കുറവുണ്ടാകുമെന്നും തത്ഫലമായി ദിനാർ ഇവിടെത്തന്നെ ചിലവഴിക്കാൻ കാരണമാകുമെന്നുമാണ് എം.പിമാരുടെ ഭാഷ്യം. എന്നാൽ, ഗുണത്തേക്കാളേറേ ഇത് ദോഷമാണ് വരുത്തിവെക്കുകയെന്നും വിഷയം അപ്രായോഗികമാണെന്നും സാമ്പത്തികകാര്യ സമിതി ചെയർമാൻ ഖാലിദ് അൽ മസ്കതി അഭിപ്രായപ്പെട്ടു. രണ്ട് ശതമാനം നികുതിയിൽ നിന്നുള്ള വരുമാനം വളരെ കുറവാണ്. ഇത് സർക്കാറിന് വലിയ ഗുണങ്ങളൊന്നും നൽകില്ല. മറ്റ് അനുബന്ധ വഴികളിൽ നിന്നുള്ള വരുമാനത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ രാജ്യത്തുള്ള 72 ശതമാനം പ്രവാസികളും 200 ദീനാറിൽ താഴെയാണ് പ്രതിമാസം വരുമാനം നേടുന്നത്. ഈ പദ്ധതി നടപ്പായാൽ അവർ നിയമവിരുദ്ധ ബദൽ മാർഗം തേടുമെന്നും ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും കൂടാതെ മണിട്രാൻസ്ഫർ ഏജൻസികളെ ദോഷകരമായി ബാധിക്കുമെന്നും അൽ മസ്കതി കൂട്ടിച്ചേർത്തു. പണ കൈമാറ്റ സ്വാതന്ത്ര്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്‌റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും ഉടമ്പടികളിലും ഒപ്പുവെച്ചിട്ടുണ്ട്. അത് ലംഘിക്കാനാവില്ലെന്ന് സർക്കാർ എം.പിമാർക്ക് നേരത്തെ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. നികുതി നീക്കം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും സാമ്പത്തിക, വാണിജ്യ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.