ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം
?എന്നെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. എനിക്ക് നോട്ടീസ് ഒന്നും തന്നെ തന്നില്ല. പിരിച്ചുവിടുന്നതിനുമുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങൾ ഒന്നും പാലിച്ചിട്ടില്ല. ഇത് നിയമപരമാണോ - സുനിൽ
• തൊഴിൽ കരാർ രണ്ടു രീതിയിൽ റദ്ദുചെയ്യാൻ സാധിക്കും. 1. നോട്ടീസ് നൽകി തൊഴിൽ കരാർ റദ്ദുചെയ്യാം. തൊഴിൽ കരാറിൽ പറഞ്ഞിരിക്കുന്ന രീതിയിലുള്ള നോട്ടീസ്, അല്ലെങ്കിൽ കുറഞ്ഞത് 30 ദിവസത്തെ നോട്ടീസ് നൽകിയാൽ കരാർ റദ്ദു ചെയ്യാം. 2. നോട്ടീസോ, നഷ്ടപരിഹാരമോ നൽകാതെ തൊഴിൽ നിയമത്തിൽ പറയുന്ന ഏതെങ്കിലും കാരണമുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ച് തൊഴിൽ കരാർ റദ്ദുചെയ്യാൻ സാധിക്കും. ഈ വിധത്തിൽ തൊഴിൽ കരാർ റദ്ദുചെയ്യാൻ പറയുന്ന കാരണങ്ങൾ താഴെപ്പറയുന്നവയാണ്.
a. വ്യാജരേഖയോ ഐഡന്റിറ്റിയോ തൊഴിലുടമക്ക് നൽകുക.
b. തൊഴിലാളി തൊഴിലുടമക്ക് ഭീമമായ നഷ്ടം വരുത്തുക. ഈ വിവരം തൊഴിലുടമ രണ്ടു ദിവസത്തിനകം നിയമപരമായി അറിയിക്കേണ്ട അധികാരികളെ അറിയിച്ചിരിക്കേണ്ടതുണ്ട്.
c. തൊഴിലുടമയുടെ നിർദേശങ്ങൾ എഴുതി നൽകിയിട്ടും തൊഴിലാളി പാലിക്കാതിരിക്കുക. തൊഴിൽ സംബന്ധമായി എല്ലാവരും പാലിക്കേണ്ട നിർദേശങ്ങൾ എല്ലാവർക്കും കാണത്തക്കവിധം തൊഴിൽ സ്ഥലത്ത് നോട്ടീസ് ബോർഡിൽ പതിച്ചിരിക്കണം.
d. ഒരുവർഷത്തിനുള്ളിൽ തക്കതായ കാരണമില്ലാതെ 20 ദിവസം പലപ്പോഴായി ജോലിക്ക് വരാതിരിക്കുക. പത്തുദിവസം കഴിയുമ്പോൾ ഇതുസംബന്ധമായ താക്കീത് നോട്ടീസ് നൽകണം. അല്ലെങ്കിൽ തുടർച്ചയായി 10 ദിവസം തൊഴിലിന് തക്കതായ കാരണമില്ലാതെ വതാതിരിക്കുക. (ഇതിന് അഞ്ചുദിവസം കഴിഞ്ഞാൽ വാണിങ് നോട്ടീസ് നൽകിയിരിക്കണം).
e. തൊഴിൽ കരാർ പ്രകാരമുള്ള തൊഴിൽ ചെയ്യാതിരിക്കുക.
f. തൊഴിൽ സംബന്ധമായ രഹസ്യവിവരങ്ങൾ തൊഴിലുടമയുടെ സമ്മതമില്ലാതെ പരസ്യമാക്കുക.
g. ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുക.
h. മദ്യമോ ലഹരി പദാർഥമോ തൊഴിൽസമയത്ത് ഉപയോഗിക്കുക.
i. തൊഴിലുടമയേയോ, അദ്ദേഹത്തിന്റെ പ്രതിനിധിയേയോ തൊഴിൽ സമയത്ത് ഉപദ്രവിക്കുക.
j. നിയമപരമല്ലാതെ സമരം ചെയ്യുക.
k. ഏതെങ്കിലും കാരണം കൊണ്ട് ഇവിടെ താമസിക്കാനുള്ള അനുമതി നിഷേധിക്കപ്പെടുക. അല്ലെങ്കിൽ പ്രഫഷനൽ യോഗ്യത നഷ്ടമാകുക.
ഈ വകുപ്പുകൾ പ്രകാരം തൊഴിലിൽ നിന്ന് പിരിച്ചുവിടുമ്പോൾ, നിയമത്തിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾ തൊഴിലുടമ പാലിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആ നടപടി അന്യായമായ പിരിച്ചുവിടലായിത്തീരും. താങ്കളുടെ കാര്യത്തിൽ എൽ.എം.ആർ.എയിൽ പരാതി നൽകാവുന്നതാണ്. അല്ലെങ്കിൽ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം. അദ്ദേഹം തൊഴിൽ കേസ് നൽകുന്നതിന്റെ വിവരങ്ങൾ പറഞ്ഞുതരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.