മനാമ: സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ വർഗീയതയും വിഭാഗീയതയും വളർത്തുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെ ഇന്ത്യയെമ്പാടും വളർന്നുവരുന്ന ജനകീയ കൂട്ടായ്മകൾ ചെറുത്തു പരാജയപ്പെടുത്തുമെന്ന് കവിയും സാംസ്കാരിക പ്രവർത്തകനും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി. മോദിസർക്കാറിന്റെ ജനവിരുദ്ധ കാർഷിക നയങ്ങളെ ചെറുത്തു പരാജയപ്പെടുത്താൻ കർഷകസംഘടനകളുടെ ഐക്യത്തിനായി. അതുപോലെ കല, കായിക മേഖലകളിലുള്ളവരും സാംസ്കാരിക, രാഷ്ര്ടീയ കൂട്ടായ്മകളും ചേർന്ന് ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തെ കെട്ടുകെട്ടിക്കുമെന്നും മലയാളം മിഷന്റെ പരിപാടികളുമായി ബന്ധപ്പെട്ട് ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കേരള സർക്കാർ വിദ്യാർഥികളിൽ മാനുഷിക ഗുണങ്ങളും സഹവർത്തിത്വവും വളർത്താൻ ശ്രമിക്കുമ്പോൾ കേന്ദ്രതലത്തിൽ യുക്തിയില്ലായ്മയും ശാസ്ത്ര വിരുദ്ധതയും പ്രോത്സാഹിപ്പിച്ചുകൊണ്ട് രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ ചരിത്രവും പരിണാമ സിദ്ധാന്തവും ആവർത്തനപ്പട്ടികയുമെല്ലാം ഒഴിവാക്കപ്പെടുന്നത് യുക്തിരഹിതമായ തലമുറയെ സൃഷ്ടിക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ്. 90 സർവകലാശാലകളിൽ ചാണകത്തിൽനിന്ന് പ്ലൂട്ടോണിയം വേർതിരിക്കാനുള്ള പഠനമാണ് നടത്തുന്നത്. പാഠപുസ്തകങ്ങൾ ഏകമത പുസ്തകമായി മാറ്റുകയാണ്. സർവമതസാഹോദര്യത്തിനുവേണ്ടി നിലകൊണ്ട മഹാത്മാക്കളെ ഒഴിവാക്കുകയാണ്.
ശ്രീനാരായണഗുരുവൊക്കെ പാഠപുസ്തകങ്ങളിൽനിന്ന് പുറത്താകുന്നത് അങ്ങനെയാണ്. അവർക്ക് പകരം ദീനദയാൽ ഉപാധ്യായയും സവർക്കറുമൊക്കെ കടന്നുവരുന്നു. എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തകങ്ങൾ തിരസ്കരിക്കാനുള്ള ആർജവം കേരളജനതയും കേരളസർക്കാറും കാണിക്കും. മതസൗഹാർദത്തിന് പേരുകേട്ട കേരളത്തെ വർഗീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ശക്തികളുണ്ട്. ഒരുകാലത്ത് പുരോഗമന നിലപാടുകളെടുത്തിരുന്ന സമുദായ സംഘടനകൾ ഇന്ന് ജാതീയതയുടെ ഉപകരണമായി മാറുകയാണ്. രാഷ്ട്രീയമായ അജണ്ടകളെ ഒളിച്ചുകടത്താനാണ് ശ്രമം. ഇതിനെതിരെ വാർഡ് തലങ്ങളിൽ ജനകീയ സദസ്സുകൾ വിളിച്ചുചേർത്ത് രാഷ്ട്രീയാതീതമായ കൂട്ടായ്മകൾ വളർത്തിയെടുക്കാൻ പുേരാഗമന കലാസാഹിത്യ സംഘം തീരുമാനമെടുക്കുകയും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കലാ ലോകമൊന്നാകെ ഈ ശ്രമത്തിൽ അണിചേരും.
കലാ സാഹിത്യ മേഖലയിലെ പുതു തലമുറയും ശക്തമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുന്നവരാണ്. അവരുടെ സൃഷ്ടികളിൽ സാമൂഹികബോധവും സമകാലിക സംഭവങ്ങളോടുള്ള ശക്തമായ പ്രതികരണങ്ങളും ഉള്ളടങ്ങിയിരിക്കുന്നു. സ്കൂൾ വിദ്യാർഥികൾപോലും ഈ പുതുഭാവുകത്വത്തെ ഉൾക്കൊള്ളുന്നതായാണ് അധ്യാപകനെന്നനിലക്ക് എന്റെ അനുഭവം. മലയാള ഭാഷാ പഠനരംഗത്ത് വിദ്യാർഥികൾ പിന്നാക്കം പോകുന്നു എന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയൊക്കെ വിമർശനത്തിൽ വസ്തുതയുണ്ട്. പക്ഷേ അത് പാഠ്യപദ്ധതിയുടെ പരാജയമാണെന്ന് പറയാനാവില്ല. നിരന്തര മൂല്യനിർണയത്തിലൂടെ വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവരുക എന്ന പ്രക്രിയയിൽ സംഭവിച്ച അലംഭാവമാണ് ഇതിന് കാരണമായത്. ഇത് പരിഹരിക്കപ്പെടേണ്ടതുണ്ട്.
ഈ വർഷം കുട്ടികൾക്ക് വിതരണംചെയ്ത പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകനായ ഭരതന്നൂർ ഷമീർ സംവിധാനവും ഫ്രാൻസിസ് കൈതാരത്ത് നിർമാണവും നിർവഹിച്ച ‘അനക്ക് എന്തിന്റെ കേടാ’ എന്ന കാലികപ്രസക്തമായ വിഷയം പ്രമേയമായ സിനിമയുടെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് അറിയപ്പെടുന്ന കവി കൂടിയായ വിനോദ് വൈശാഖിയാണ്. ബഹ്റൈനിലെ 12 കലാകാരൻമാർ വേഷമിട്ട സിനിമയായ ‘അനക്ക് എന്തിന്റെ കേടാ’ വലിയപെരുന്നാളിന് റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.