ഇസാം ബിന്‍ അബ്​ദുല്ല ഖലഫ്

ആരോഗ്യദായകമായ ഭക്ഷണക്രമം ലഭ്യമാക്കാന്‍ ശ്രമിക്കും –മന്ത്രി

മനാമ: ആരോഗ്യദായകവും ചെലവ് കുറഞ്ഞതുമായ ഭക്ഷണ ക്രമം ലഭ്യമാക്കുന്നതിനുള്ള ശ്രമം ശക്തിപ്പെടുത്തുമെന്ന് പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്​ദുല്ല ഖലഫ് പ്രസ്​താവിച്ചു. യു.എന്നിന് കീഴില്‍ ഒക്​ടോബര്‍ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി ചെലവ് കുറഞ്ഞതും മെച്ചപ്പെട്ടതുമായ ഭക്ഷ്യ ലഭ്യതക്ക് ബഹ്റൈന്‍ കൂടുതല്‍ കാര്യക്ഷമതയോടെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

യു.എന്‍ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അതിന് കീഴിലുള്ള ഫുഡ് ആൻഡ്​ അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന് കീഴില്‍ ഈ വര്‍ഷം 'ഒരുമിച്ച് വളരാം, പോഷിപ്പിക്കാം' എന്ന പ്രമേയത്തിലാണ് പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വരും തലമുറക്കായി ഭക്ഷ്യ സുരക്ഷയും സ്വയം പര്യാപ്​തതയും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ഭക്ഷണം ലഭ്യമാക്കുകയെന്നത് ഇതില്‍ സുപ്രധാനമാണ്. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജയിക്കാനും വ്യത്യസ്​ത തരം കൃഷികള്‍ അന്യംനിന്നു പോകാതെ സംരക്ഷിക്കാനും നാമോരോരുത്തരും ബാധ്യസ്ഥമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മണ്ണ്​ രഹിത കൃഷി രീതിയിലൂടെ പച്ചക്കറിയുടെ ഉല്‍പാദനം 20 ശതമാനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.