മനാമ: ഇലക്ട്രിക് കാറുകളെ സ്വാഗതം ചെയ്യാൻ രാജ്യം ഒരുങ്ങി. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ തുറന്നുകൊണ്ടാണ് പുതു യുഗത്തിലേക്ക് ബഹ്റൈൻ കാലെടുത്തുവെക്കുന്നത്.സാറിലെ ആട്രിയം മാളിലാണ് ആദ്യ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി, ജലവിഭവ വകുപ്പ് മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്കും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സി.ഇ.ഒ ശൈഖ് നവാഫ് ബിൻ ഇബ്രാഹിം ആൽ ഖലീഫയും ചേർന്ന് ചാർജിങ് സ്റ്റേഷെൻറ ഉദ്ഘാടനം നിർവഹിച്ചു.
'ബഹ്റൈൻ സാമ്പത്തിക നയം 2030'പദ്ധതികളുടെ ഭാഗമാണ് ചാർജിങ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. പൗരൻമാരുടെയും പ്രവാസികളുടെയും സന്ദർശകരുടെയും ക്ഷേമത്തിനായി രാജ്യം കൈവരിച്ചിരിക്കുന്ന നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ രംഗത്തെ വിദഗ്ധരായ സീമെൻസ് ആണ് ആട്രിയം മാളിൽ ചാർജിങ് സംവിധാനം ഒരുക്കിയതെന്ന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സി.ഇ.ഒ പറഞ്ഞു. ഒട്ടുമിക്ക ഇലക്ട്രിക് കാറുകളും ഇവിടെ ചാർജ് ചെയ്യാൻ കഴിയും. ഭാവിയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. പ്രവർത്തന പുരോഗതി വിലയിരുത്തി മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അേദ്ദഹം പറഞ്ഞു. എ.സി, ഡി.സി ചാർജിങ് രീതികൾക്ക് അനുയോജ്യമായ ചാർജറാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് വഴി പണമടക്കാൻ കഴിയും. ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ആവശ്യമായ വൈദ്യുതിയുടെ അളവ് തെരഞ്ഞെടുത്ത് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയാൽ ഇടപാട് പൂർത്തിയാകും.
ജൂലൈ 29 മുതൽ രാജ്യത്തേക്ക് ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി ആരംഭിക്കുമെന്ന് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇലക്ട്രിക് വാഹനങ്ങൾക്കുള്ള മാനദണ്ഡങ്ങൾക്ക് കഴിഞ്ഞ ജനുവരിയിൽ അംഗീകാരം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇലക്ട്രിക് കാറുകളുടെ ഇറക്കുമതിക്ക് അനുമതി നൽകിയത്. ഗതാഗത മേഖലയിൽ കാർബൺ ബഹിർഗമനം കുറച്ച് രാജ്യത്തെ പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് കാറുകളിലേക്ക് രാജ്യം ചുവടുമാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.