മനാമ: പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ നിയന്ത്രണം വരുമോ. ജോലി സംബന്ധമായി ഡ്രൈവിങ് ലൈസൻസ് ആവശ്യമായ പ്രവാസികൾക്കു മാത്രം ഇനി ലൈസൻസ് നൽകിയാൽ മതിയെന്നാണ് എം.പിമാരുടെ വാദം.
രാജ്യത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇളവുകൾ ആവശ്യമെങ്കിൽ ആഭ്യന്തര മന്ത്രിക്കോ അതിനായി നിയോഗിച്ചിട്ടുള്ള മറ്റേതെങ്കിലും അതോറിറ്റിക്കോ തീരുമാനിക്കാമെന്നും എം.പിമാർ നിർദേശിക്കുന്നു. ജോലിക്ക് ആവശ്യമില്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന് പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷസമിതി ചെയർമാൻ അബ്ദുല്ല അൽ റൊമൈഹി പറഞ്ഞു. പ്രവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ ഉദ്ദേശിക്കുന്നില്ല.
പക്ഷേ പ്രവാസികൾ അനാവശ്യമായി വാഹനങ്ങൾ ഉപയോഗിക്കുന്നതുമൂലം റോഡുകളിലെ തിരക്ക് കുറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. സമ്പൂർണ നിരോധനം നിർദേശിച്ചിട്ടില്ലാത്തതിനാൽ ഇത് മനുഷ്യാവകാശ ലംഘനമല്ലെന്നും മന്ത്രിതല തീരുമാനത്തിലൂടെ നിരവധി പ്രവാസികളെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കാമെന്നും അദ്ദേഹം പറയുന്നു.
എന്നാൽ തുല്യത സംബന്ധിച്ച ഭരണഘടന കോടതിയുടെ മുൻ വിധിക്ക് വിരുദ്ധമാണ് ഈ നീക്കമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതക്കുരുക്കിന് കാരണം റോഡിലെ കാറുകളുടെ എണ്ണമാണെന്നും ലൈസൻസുകൾ കൂടുന്നതു മൂലമല്ലെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.